അബുദാബി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ലോകത്തെ സ്വാധീനിച്ച നൂറ് പ്രമുഖ വ്യക്തികളുടെ നിരയില്‍ യു.എ.ഇ മന്ത്രി ഉമര്‍ സുല്‍ത്താന്‍ അല്‍ ഒലാമ. ടൈം മാഗസിനാണ് നൂറു പേരെ തെരഞ്ഞെടുത്തത്.
പട്ടികയില്‍ ഇടം നേടിയ ഉമര്‍ സുല്‍ത്താന്‍ അല്‍ ഒലാമയെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിനന്ദിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഇക്കോണമി, റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷനുകള്‍ എന്നിവയുടെ യു.എ.ഇ സഹമന്ത്രിയാണ് അല്‍ ഒലാമ.
2017 ലാണ് യു.എ.ഇയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹമന്ത്രിയായി അല്‍ ഒലാമ നിയമിതനായത്. 2020 ജൂലൈയില്‍, ഡിജിറ്റല്‍ എക്കണോമിയും റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷനുകളും ഉള്‍പ്പെടുത്തി അദ്ദേഹത്തിന്റെ ചുമതല വിപുലീകരിച്ചു.
ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തിലുടനീളം എഐയും അതിന്റെ പ്രയോഗവും സമഗ്ര വീക്ഷണത്തോടെ കാണുകയും വ്യത്യസ്ത സ്ഥാപനങ്ങള്‍ക്കിടയില്‍ ഏകോപനം ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ഒരാള്‍ എന്ന നിലക്ക് മന്ത്രിയുടെ പ്രവര്‍ത്തനം സ്തുത്യര്‍ഹമാണെന്ന് ടൈം മാഗസിന്‍ പറഞ്ഞു.