റിയാദ്:റിയാദിന്റെ വടക്കന്‍ മേഖലകളില്‍ 34 കിലോമീറ്റര്‍ പരിധിയില്‍ ശുദ്ധജല വിതരണ പദ്ധതി പൂര്‍ത്തിയാക്കി. പ്രതിദിന ജലവിതരണത്തിനുള്ള ഈ പദ്ധതിക്ക് 84 മില്യന്‍ റിയാല്‍ ചെലവഴിച്ചതായി നാഷണല്‍ വാട്ടര്‍ കമ്പനി അറിയിച്ചു.
ജലവിതരണ സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ വ്യത്യസ്ത വ്യാസങ്ങളിലുള്ള പൈപ്പുകളാണ് പദ്ധതിക്ക് ഉപയോഗിച്ചത്. ഖൈറുവാന്‍, ആല്‍ആരിദ്, അല്‍യാസ്മിന്‍, അല്‍നര്‍ജിസ്, അല്‍ഗദീര്‍, അല്‍മുഹമ്മദിയ, നുസ്ഹ, അല്‍തആവുന്‍, അല്‍മസീഫ്, അല്‍മുറൂജ്, കിംഗ് ഫഹദ്, അല്‍നഖീല്‍ ഭാഗങ്ങളിലേക്കാണ് ഇതുവഴി ജലവിതരണമുണ്ടാവുക.
റിയാദ് നഗരത്തിലെ ജലവിതരണം പരിഷ്‌കരിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമാണിത്. മറ്റു രണ്ടു ജലവിതരണ ശൃംഖല പദ്ധതികളുടെ അടിസ്ഥാന സൗകര്യങ്ങളുടെ പണി പുരോഗമിക്കുകയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരുന്ന പുതിയ പാര്‍പ്പിട മേഖലകളിലേക്ക് ആവശ്യമായ ജലവിതരണം സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.