ജിദ്ദ:സൗദിയില്‍ അഞ്ചു വര്‍ഷത്തിനിടെ വാഹനാപകട മരണ നിരക്ക് 35 ശതമാനം തോതില്‍ കുറഞ്ഞു. 2016 ല്‍ രാജ്യത്ത് വാഹനാപകടങ്ങളില്‍ 9,311 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 2021 ല്‍ വാഹനാപകടങ്ങളില്‍ 6,651 പേരാണ് മരണപ്പെട്ടത്. 2030 ഓടെ വാഹനാപകടങ്ങളിലെ മരണ നിരക്ക് 50 ശതമാനം തോതില്‍ കുറക്കുകയെന്ന ലോക ലക്ഷ്യം കൈവരിക്കാന്‍ സൗദി അറേബ്യയുടെ നേട്ടം സഹായിക്കും.
പ്രധാന റോഡുകളും ഹൈവേകളും മെച്ചപ്പെടുത്തിയും റോഡുകളില്‍ സുരക്ഷാ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയും ഗുരുതരമായ വാഹനാപകടങ്ങള്‍ ഗണ്യമായി കുറക്കാന്‍ ഗതാഗത സുരക്ഷക്കുള്ള മന്ത്രിതല സമിതിയും പ്രവിശ്യാ ഗവര്‍ണറേറ്റുകളിലെ ഗതാഗത സുരക്ഷാ സമിതികളും പ്രവര്‍ത്തിക്കുന്നു. ഈ ലക്ഷ്യത്തോടെ നൂതന സാങ്കേതികവിദ്യകളും ചിട്ടയായ കാമ്പയിനുകളും ഉപയോഗിച്ച് റോഡുകളില്‍ നിരീക്ഷണവും ഗതാഗത നിയന്ത്രണവും ശക്തമാക്കി. അഞ്ചു പ്രധാന പ്രവിശ്യകളില്‍ എയര്‍ ആംബുലന്‍സ് സേവനം നടപ്പാക്കുകയും അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ ചികിത്സിക്കാന്‍ ആരോഗ്യ ശേഷി ഉയര്‍ത്തുകയും ഇത്തരം പരിക്കുകള്‍ക്ക് പ്രത്യേക മെഡിക്കല്‍ സെന്ററുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.