നിയോം സിറ്റി:ചാന്ദ്രയാൻ ദൗത്യത്തിലൂടെ ലോകത്തിനു മുന്നിൽ ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയ ഇന്ത്യൻ സ്‌പേസ് റിസേർച്ച് ഓർഗനൈസേഷനുമായി പരസ്പര സഹകരണത്തിന് ധാരണാപത്രം ഒപ്പുവെക്കാൻ സൗദി മന്ത്രിസഭാ തീരുമാനം. തിരുഗേങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ നിയോം സിറ്റിയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള സുപ്രധാന തീരുമാനമെടുത്തത്. സമാധാനപരമായ ആവശ്യങ്ങൾക്ക് ബഹിരാകാശ മേഖലയിൽ പരസ്പര സഹകരണത്തിന് ഇന്ത്യൻ സ്‌പേസ് റിസേർച്ച് ഓർഗനൈസേഷനുമായി ചർച്ചകൾ നടത്തി ധാരണാപത്രം ഒപ്പുവെക്കാൻ കമ്മ്യൂണിക്കേഷൻസ് ആന്റ് ഐ.ടി മന്ത്രിയും സൗദി സ്‌പേസ് കമ്മീഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജിനീയർ അബ്ദുല്ല അൽസവാഹയെ മന്ത്രിസഭ ചുമതലപ്പെടുത്തി. അക്കൗണ്ടിംഗ്, റെഗുലേറ്ററി, പ്രൊഫഷനൽ വർക്ക് മേഖലയിൽ പരസ്പര സഹകരണത്തിന് കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയും സൗദിയിലെ ജനറൽ കോർട്ട് ഓഫ് ഓഡിറ്റും തമ്മിൽ ധാരണാപത്രം ഒപ്പുവെക്കാൻ ജനറൽ കോർട്ട് ഓഫ് ഓഡിറ്റ് പ്രസിഡന്റിനെയും മന്ത്രിസഭാ യോഗം നിയോഗിച്ചു.