ദമാം:സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിൽ സമയമവും അധ്വാനവും ലാഭിക്കാൻ യാത്രക്കാരെ സഹായിക്കുന്ന നാലു ഇ-പെയ്‌മെന്റ് സേവനങ്ങൾ. ടോൾ നിരക്ക് അടക്കാൻ വാഹനം നിർത്തേണ്ടതില്ലാതെ കോസ്‌വേയുടെ ഇരു ഭാഗങ്ങളിലും ടോൾ ബൂത്തുകളിലൂടെ വേഗത്തിൽ കടന്നുപോകാൻ പുതിയ സേവനങ്ങൾ യാത്രക്കാരെ സഹായിക്കുന്നു.
കോസ്‌വേ (ജിസ്ർ) ആപ്പിലെ ബർഖ് എന്ന് പേരിട്ട സേവനമാണ് ഇതിലൊന്ന്. മിന്നൽ എന്നർഥം വരുന്ന ബർഖ് സേവനം പ്രയോജനപ്പെടുത്തുന്നവർക്ക് മിന്നൽ വേഗത്തിൽ കോസ്‌വേയിലൂടെ കടന്നുപോകാൻ സാധിക്കും. ബർഖ് സേവനം ഉപയോഗിക്കുന്ന വാഹനങ്ങൾ ടോൾ ഗെയ്റ്റ് ഓട്ടോമാറ്റിക് ആയി തിരിച്ചറിയുകയും ഗെയ്റ്റ് തുറക്കുകയും ചെയ്യും. ഈ സേവനം പ്രയോജനപ്പെടുത്താൻ കോസ്‌വേ ആപ്പിലെ മർകബാത്തീ ഐക്കണിൽ പ്രവേശിച്ച് വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൂരിപ്പിച്ച് ഡിജിറ്റൽ വാലറ്റ് വഴി ടോൾ നിരക്കിൽ ഇഷ്ടമുള്ള തുക മുൻകൂട്ടി അടക്കുകയാണ് വേണ്ടത്. ടോൾ ഗെയ്റ്റിനു മുന്നിൽ നിർത്തിയാലുടൻ ഇത്തരം വാഹനങ്ങൾ ഓട്ടോമാറ്റിക് രീതിയിൽ വേഗത്തിൽ തിരിച്ചറിഞ്ഞ് ഗെയ്റ്റ് തുറക്കുകയും ടോൾ നിരക്ക് മുൻകൂട്ടി അടച്ച തുകയിൽ നിന്ന് കുറക്കുകയും ചെയ്യും. ബർഖ് സേവനം പ്രയോജനപ്പെടുത്തുന്നവർക്ക് മനുഷ്യ ഇടപെടലും ടോൾ കാർഡുകളും കൂടാതെ ടോൾ ബൂത്തിലൂടെ കടന്നുപോകാൻ സാധിക്കും.
വാഹനങ്ങളുടെ മുൻവശത്തെ ചില്ലുകളിൽ സ്ഥാപിക്കുന്ന റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പുകൾ വഴി വാഹനങ്ങൾ തിരിച്ചറിഞ്ഞ് ടോൾ ഗെയ്റ്റ് തുറക്കുന്ന തസ്ഹീൽ സേവനവും കോസ്‌വേ ആപ്പിൽ ലഭ്യമാണ്. തസ്ഹീൽ സേവനം പ്രയോജനപ്പെടുത്തുന്ന വാഹനങ്ങൾ ടോൾ ഗെയ്റ്റിൽ വെച്ച് ഓട്ടോമാറ്റിക് രീതിയിൽ തിരിച്ചറിഞ്ഞ് ഗെയ്റ്റ് തുറന്നുകൊടുക്കുകയാണ് ചെയ്യുക. ടോൽ ബൂത്തിൽ വെച്ചും കോസ്‌വേ കസ്റ്റമർ സർവീസ് സെന്ററിൽ നിന്നും ഈ സേവനം വാങ്ങാൻ സാധിക്കും. കോസ്‌വേ ആപ്പ് വഴിയാണ് ചിപ്പ് ചാർജ് ചെയ്ത് ആക്ടിവേറ്റ് ചെയ്യേണ്ടത്.
ഒറ്റത്തവണ കോസ്‌വേയിലൂടെ കടന്നുപോകാനുള്ള യുസ്ർ സേവനവും ആപ്പിൽ ലഭ്യമാണ്. ഇതിന് രജിസ്റ്റർ ചെയ്യാതെ സന്ദർശകൻ എന്നോണം ആപ്പ് ഉപയോഗിച്ചാൽ മതി. ആപ്പിലെ മെയിൻ പേജിലെ ഇ-വാലറ്റ് പൂരിപ്പിച്ച് സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും. ക്യു.ആർ കോഡ് ഉപയോഗിച്ചുള്ള പെയ്‌മെന്റ് സേവനവും ജിസ്ർ ആപ്പ് നൽകുന്നു. യാത്രക്കാരുടെ ഡിജിറ്റൽ വാലറ്റ് ചാർജ് ചെയ്യുന്നതിലൂടെയാണ് ഈ സേവനം ആക്ടിവേറ്റ് ചെയ്യുന്നത്.