ജിദ്ദ:സൗദി അറേബ്യയുടെ വനവല്‍ക്കരണവും ഇക്കോ ടൂറിസം ലക്ഷ്യങ്ങളും കൈവരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന നിരവധി തന്ത്രപ്രധാന പദ്ധതികള്‍ക്ക് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അംഗീകാരം നല്‍കി.
രാജ്യത്തിന്റെ വന്യജീവി റിസര്‍വുകള്‍ ലോകത്തിലെ ഏറ്റവും മികച്ച ഇക്കോടൂറിസം ഡെസ്റ്റിനേഷനുകളിലൊന്നായി സ്ഥാനം ഉറപ്പിക്കുമെന്നും തദ്ദേശീയര്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ബുധനാഴ്ച നടന്ന റോയല്‍ കൗണ്‍സില്‍ റിസര്‍വ് യോഗത്തില്‍ കിരീടാവകാശി റോയല്‍ റിസര്‍വിന്റെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ക്ക് അംഗീകാരം നല്‍കി.
വനവല്‍ക്കരണം, വന്യജീവി സംരക്ഷണം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, സന്ദര്‍ശനം വര്‍ധിപ്പിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിപാടി റോയല്‍ റിസര്‍വ്‌സിന്റെ അതിവിപുലമായ തന്ത്രങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതാണ്.
വംശനാശഭീഷണി നേരിടുന്ന 30ലധികം തദ്ദേശീയ മൃഗങ്ങളെ സംരക്ഷിക്കാനും രാജ്യത്തേക്ക് തിരികെ കൊണ്ടുവരാനും സഹായിക്കുന്ന റോയല്‍ റിസര്‍വ് സൗദിയുടെ 13.5 ശതമാനം പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
2030 ഓടെ 80 ദശലക്ഷത്തിലധികം മരങ്ങളും കുറ്റിച്ചെടികളും നട്ടുപിടിപ്പിക്കുക എന്ന രാജ്യത്തിന്റെ വനവല്‍ക്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് റോയല്‍ റിസര്‍വ് സംരംഭം സംഭാവന നല്‍കും.
തന്ത്രങ്ങളും പദ്ധതികളും സൃഷ്ടിക്കുന്നതിനും അതിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തനവും നടപ്പാക്കലുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും കൈകാര്യം ചെയ്യുന്നതിനുമായി റോയല്‍ റിസര്‍വ് വികസന അതോറിറ്റികള്‍ സ്ഥാപിക്കപ്പെട്ടു.