ജിസാൻ:കനത്ത മഴയെ തുടർന്ന് ജിസാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (വ്യാഴം) അവധി നൽകി. പഠനം മദ്‌റസത്തി പ്ലാറ്റ്‌ഫോം വഴി ഓൺലൈനിലൂടെ നൽകണമെന്നും അധികൃതർ അറിയിച്ചു. അതേസമയം ഫുർസാനിൽ സ്‌കൂളുകൾ പ്രവർത്തിക്കും. ഇന്ന് കനത്ത മഴയാണ് ജിസാനിൽ പെയ്തത്. യൂണിവേഴ്‌സിറ്റിയെ ക്ലാസ് മുറികൾ കനത്ത മഴയിൽ താഴെ വീഴുകയും ചെയ്തു. മഴ അടുത്ത ഞായറാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
അതേസമയം ശക്തമായ മഴയിൽ ക്ലാസ് മുറിയുടെ മേൽക്കൂര പൊട്ടി വീണു
ശക്തമായ കാറ്റിലും മഴയിലും നിരവധി നാശനഷ്്ടങ്ങളും റിപ്പോർട്ട് ചെയ്തു. യൂണിവേഴ്‌സിറ്റിയിലെ ക്ലാസ് മുറിയുടെ മേൽക്കൂര കനത്ത മഴയിൽ പൊട്ടി താഴെ വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വിദ്യാർഥിനികൾ ക്ലാസ് മുറിയുടെ ഒരു മൂലയിലേക്ക് മാറി നിൽക്കുന്നതിനിടെയാണ് മേൽക്കൂര പൊളിഞ്ഞുവീണത്. വീഡിയോയിൽ കുട്ടികളുടെ ശബ്ദവും കേൾക്കാം.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത ഞായറാഴ്ച വരെ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. തോടുകൾ, വെള്ളം അടിഞ്ഞുകൂടുന്ന സ്ഥലങ്ങൾ, താഴ് വരകൾ എന്നിവടങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. ശക്തമായ മഴയുടെയും ഇടിമിന്നലിന്റെയും ഫലമായി തോടുകളും ചതുപ്പുകളും രൂപപ്പെടാനുള്ള സാധ്യത ഉണ്ടെന്നും ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിലൂടെയും പ്രഖ്യാപിച്ച നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.
റിയാദിൽ ശക്തമായ പൊടിക്കാറ്റിനും നേരിയ മഴക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ട്. അഫീഫ്, ദവാദ്മി, അൽഖുവയ്യ, അൽറെയിൻ, അൽസുൽഫി, അൽമജ്മ’ എന്നിവ ഉൾപ്പെടുന്ന റിയാദ് മേഖലയിലാണ് മുന്നറിയിപ്പ്. ശഖ്‌റ, താദിഖ്, ഹുറൈമില, റിമ, വാദി അൽദവാസിർ, അൽസുലൈയിൽ എന്നിവിടങ്ങളിലും മഴയും പൊടിക്കാറ്റുമുണ്ടാകും.
ഖസിം, ഹായിൽ, നജ്‌റാൻ മേഖലകളെയും നേരിയതോ ഇടത്തരത്തിലുള്ളതോ ആയ മഴ ബാധിക്കും.
മദീന മേഖലയിലും മിതമായ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇടത്തരം മുതൽ കനത്ത മഴ മക്കയെ ബാധിക്കുമെന്നും ഇത് പേമാരി, ആലിപ്പഴ വർഷം എന്നിവക്ക് കാരണമാകും. പൊടിക്കാറ്റിനും ശക്തമായ കാറ്റിനും മക്കയിൽ സാധ്യതയുണ്ട്. ഖുൻഫുദ, അൽലൈത്ത്, അൽഖുർമ, റാനിയ, തുർബ, അൽകാമിൽ, അസീർ, ജസാൻ, അൽബഹ എന്നീ പ്രദേശങ്ങളിലും മഴയും പൊടിക്കാറ്റുമുണ്ടാകും.