റിയാദ്:റിയാദ് വിമാനത്താവളത്തിൽ രണ്ടു മാസത്തിനിടെ 63 ലക്ഷം യാത്രക്കാരെ സ്വീകരിച്ച് പുതിയ റെക്കോർഡുകൾ സ്ഥാപിച്ചു.
ജൂൺ 15 മുതൽ ഓഗസ്റ്റ് 19 വരെയുള്ള വേനലവധിക്കാലത്ത് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 63 ലക്ഷത്തിലേറെ പേർ യാത്ര ചെയ്തതായി റിയാദ് എയർപോർട്ട്സ് കമ്പനി അറിയിച്ചു. വേനലവധിക്കാലത്ത് ഏതാനും പുതിയ റെക്കോർഡുകൾ കൂടി റിയാദ് വിമാനത്താവളം സ്ഥാപിച്ചു.
ഇക്കാലത്ത് റിയാദ് വിമാനത്താവളം 34 ലക്ഷത്തിലേറെ അന്താരാഷ്ട്ര യാത്രക്കാരും 29 ലക്ഷത്തിലേറെ ആഭ്യന്തര യാത്രക്കാരും ഉപയോഗപ്പെടുത്തി. ഓഗസ്റ്റ് മൂന്നിന് വിമാന യാത്രക്കാരുടെ എണ്ണം റെക്കോർഡ് സ്ഥാപിച്ചു. ഈ മാസം മൂന്നിന് 1,13,300 പേർ റിയാദ് വിമാനത്താവളത്തിലൂടെ കടന്നുപോയി. ഏറ്റവും കൂടുതൽ വിമാന സർവീസുകൾ നടന്നത് ജൂൺ 25 ന് ആയിരുന്നു. അന്ന് 738 വിമാന സർവീസുകൾ നടന്നു.
ഏറ്റവും കൂടുതൽ ബാഗേജുകൾ കൈകാര്യം ചെയ്തത് ജൂൺ 23 ന് ആണ്. അന്ന് 1,15,600 ബാഗേജുകൾ കൈകാര്യം ചെയ്തു. ഇവയെല്ലാം പുതിയ റെക്കോർഡുകളാണ്. വേനലവധിക്കാലത്ത് 40,200 വിമാന സർവീസുകൾ റിയാദ് വിമാനത്താവളത്തിൽ നടന്നു. ഇതിൽ 19,300 ലേറെ എണ്ണം ആഭ്യന്തര സർവീസുകളും 20,800 ലേറെ എണ്ണം അന്താരാഷ്ട്ര സർവീസുകളുമായിരുന്നു.
സൗദി സമ്പദ് വ്യവസ്ഥയുടെ കരുത്തും മേഖലാ, ആഗോള തലങ്ങളിൽ റിയാദ് വിമാനത്താവളത്തിനുള്ള സ്ഥാനവുമാണ് ഈ ഫലങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് റിയാദ് എയർപോർട്ട്സ് കമ്പനി സി.ഇ.ഒ മുസാഅദ് അൽ ദാവൂദ് പറഞ്ഞു.