ദമാം:അന്താരാഷ്ട്ര പ്രശസ്തമായ ബ്രാൻഡുകളുടെ പേരിലുള്ള വ്യാജ സ്പോർട്സ് വസ്ത്രങ്ങൾ നിർമിച്ച് മൊത്തമായി വിതരണം നടത്തിയ കേസിൽ യെമനി പൗരന് ദമാം ക്രിമിനൽ കോടതി 50,000 റിയാൽ പിഴ ചുമത്തി. നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന യെമനി പൗരൻ മുഹ്‌സിൻ ബിൻ മുഹമ്മദ് ബിൻ മുഹ്‌സിൻ അൽദുഅയ്‌സിനാണ് ശിക്ഷ. അൽകോബാറിലെ പഴയ കെട്ടിടം കേന്ദ്രീകരിച്ചാണ് യെമനി വ്യാജ സ്‌പോർട്‌സ് വസ്ത്രങ്ങളും ബാഗുകളും മറ്റും നിർമിച്ച് വിതരണം ചെയ്തിരുന്നത്.
യെമനിയുടെ അനധികൃത കേന്ദ്രത്തിൽ നടത്തിയ റെയ്ഡിനിടെ സ്‌പോർട്‌സ് വസ്ത്ര ശേഖരവും തയ്യൽ മെഷീനുകളും വസ്ത്രങ്ങളിലും ബാഗുകളിലും മറ്റും ബ്രാൻഡുകൾ മുദ്രണം ചെയ്യുന്നതിനുള്ള പ്രിന്റിംഗ് മെഷീനുകളും സൗദി, യൂറോപ്യൻ ക്ലബ്ബുകളുടെ എംബ്ലങ്ങൾ അടങ്ങിയ സ്റ്റിക്കർ ശേഖരവും പിടിച്ചെടുത്തിരുന്നു. ഇവ കണ്ടുകെട്ടാൻ കോടതി വിധിച്ചു.
യെമനിയെ സൗദിയിൽ നിന്ന് നാടുകടത്താനും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്താനും കോടതി ഉത്തരവിട്ടു. യെമനിയുടെ പേരുവിവരങ്ങളും ഇയാൾ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകന്റെ ചെലവിൽ രണ്ടു പത്രങ്ങളിൽ പരസ്യപ്പെടുത്താനും വിധിയുണ്ട്.