GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ നിന്ന് വിദേശികൾ നാട്ടിലേക്ക് അയച്ച പണത്തിൽ 100 കോടി റിയാലിന്റെ കുറവ്

ജിദ്ദ:സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ നിയമാനുസൃത മാർഗങ്ങളിലൂടെ ജൂലൈ മാസത്തിൽ സ്വദേശങ്ങളിലേക്ക് അയച്ച പണത്തിൽ 100 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി. ജൂലൈയിൽ വിദേശികൾ 1,060 കോടി റിയാലാണ് ബാങ്കുകളും മണി എക്‌സ്‌ചേഞ്ചുകളും വഴി സ്വദേശങ്ങളിലേക്ക് അയച്ചത്. 2022 ജൂലൈയിൽ ഇത് 1,160 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജൂലൈയിൽ വിദേശികൾ അയച്ച പണത്തിൽ എട്ടു ശതമാനം കുറവ് രേഖപ്പെടുത്തി. തുടർച്ചയായി 15-ാം മാസമാണ് വിദേശികളുടെ റെമിറ്റൻസ് കുറയുന്നതെന്ന് സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു.
ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈയിൽ വിദേശികൾ അയച്ച പണം രണ്ടു ശതമാനം തോതിൽ കുറഞ്ഞു. ജൂണിൽ വിദേശികൾ 1,080 കോടി റിയാൽ അയച്ചിരുന്നു. ഈ വർഷം ആദ്യത്തെ ആറു മാസക്കാലത്ത് വിദേശികൾ ആകെ 6,190 കോടി റിയാലാണ് നിയമാനുസൃത മാർഗങ്ങളിൽ അയച്ചത്. കഴിഞ്ഞ കൊല്ലം ആദ്യ പകുതിയിൽ ഇത് 7,660 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ വർഷം വിദേശികളുടെ റെമിറ്റൻസിൽ 19.1 ശതമാനം കുറവ് രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം വിദേശികൾ 14,320 കോടി റിയാലാണ് (3,820 കോടി ഡോളർ) സ്വദേശങ്ങളിലേക്ക് അയച്ചിരുന്നത്. 2021 ൽ വിദേശികളുടെ റെമിറ്റൻസ് 15,390 കോടി റിയാൽ (4,100 കോടി ഡോളർ) ആയിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ വർഷം വിദേശികൾ അയച്ച പണം ഏഴു ശതമാനം തോതിൽ കുറഞ്ഞു.
അതേസമയം, കഴിഞ്ഞ മാസം വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദി പൗരന്മാർ വിദേശങ്ങളിലേക്ക് അയച്ച പണത്തിൽ ഏഴു ശതമാനം കുറവുണ്ടായി. കഴിഞ്ഞ മാസം 580 കോടി റിയാലാണ് സ്വദേശികൾ വിദേശത്തേക്ക് അയച്ചത്. കഴിഞ്ഞ കൊല്ലം ജൂലൈ മാസത്തിൽ ഇത് 615 കോടി റിയാലായിരുന്നു. തുടർച്ചയായി ഒമ്പതാം മാസമാണ് സ്വദേശികൾ വിദേശത്തേക്ക് അയക്കുന്ന പണത്തിൽ കുറവ് രേഖപ്പെടുത്തുന്നത്. ഈ വർഷം ആദ്യ പകുതിയിൽ സ്വദേശികളുടെ റെമിറ്റൻസ് 21 ശതമാനം തോതിൽ കുറഞ്ഞ് 2,980 കോടി റിയാലായി. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ സ്വദേശികൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് 3,770 കോടി റിയാൽ വിദേശങ്ങളിലേക്ക് അയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!