റിയാദ്- സൗദി അറേബ്യയിൽ ഇലക്ട്രിക് പോസ്റ്റിൽ നിന്ന് വൈദ്യുതി അനധികൃതമായി ഉപയോഗിക്കുന്നതടക്കമുള്ള പൊതുമുതൽ അതിക്രമങ്ങൾക്ക് പതിനായിരം മുതൽ അമ്പതിനായിരം റിയാൽ വരെ പിഴ ഈടാക്കുമെന്ന് സൗദി മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ്, ഹൗസിംഗ് മന്ത്രാലയം അറിയിച്ചു. ഭക്ഷ്യവസ്തുക്കളുടെ വില വാണിജ്യ മന്ത്രിയോ യോഗ്യതയുള്ള അധികാരികളോ സ്ഥാപിച്ച വില നിലവാരത്തിന് മുകളിൽ തങ്ങളുടെ ഉൽപന്നങ്ങളുടെ വില ഉയർത്തുന്ന സ്ഥാപനങ്ങൾ നിർദിഷ്ട വിലയും അതിന്റെ വിൽപന വിലയും തമ്മിലുള്ള വ്യത്യാസത്തിനനുസരിച്ച് 5000 റിയാൽ മുതൽ 1,00,000 റിയാൽ വരെ പിഴ നൽകേണ്ടിവരും.
ലൈസൻസില്ലാതെ നിർമാണ പ്രവൃത്തി നടത്തുന്ന സ്ഥാപനങ്ങൾ പതിനായിരം മുതൽ അമ്പതിനായിരം വരെ റിയാൽ, ഉദ്ഖനന പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ കൺസൽട്ടൻസി ഓഫീസ് അനുമതി നേടിയിട്ടില്ലെങ്കിൽ ആറായിരം മുതൽ 30,000 വരെ റിയാൽ പിഴ നൽകണം. പെട്രോൾ പമ്പിൽ കോഫി ഷോപ്പ്, റെസ്റ്റോറന്റ്, ബഖാല, ടയർ പഞ്ചറിംഗ്, ടോയ്‌ലറ്റ് എന്നിവയില്ലെങ്കിലും പിഴയുണ്ട്. സ്ഥാപനങ്ങളിൽ പരിശോധനക്കെത്തുമ്പോൾ ജീവനക്കാർ ഓടിരക്ഷപ്പെട്ടാലും പിഴ ലഭിക്കും. ആരോഗ്യ സ്ഥാപനങ്ങളിൽ സ്‌പെഷ്യലൈസേഷന് പുറത്തുള്ള കാര്യങ്ങൾ ജീവനക്കാർ ചെയ്യരുത്. സ്ഥാപനങ്ങളിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ ലഭിക്കും. പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനാനുമതി നൽകിയാൽ അയ്യായിരം റിയാൽ വരെ പിഴ നൽകേണ്ടിവരും. പൂച്ചകളെയോ മറ്റു ജീവികളെയോ കടകളിൽ കണ്ടാലും പിഴ ഈടാക്കും. ഇൻവോയ്‌സ് നൽകാതിരുന്നാലും പാക്കറ്റിന് മുകളിൽ വില വിവരം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും പിഴ ഈടാക്കും.
ഇതടക്കം റോഡ് നിർമാണം, കെട്ടിട നിർമാണം, കോൺട്രാക്ടിംഗ് ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ, ടവർ നിർമാണം, ശുചീകരണ സ്ഥാപനങ്ങൾ എന്നിവക്കെല്ലാം ഈടാക്കുന്ന അഞ്ഞൂറോളം പിഴകളെ കുറിച്ച് പട്ടികയിൽ പറയുന്നു. സ്ഥാപനങ്ങളുടെ വലിപ്പച്ചെറുപ്പമനുസരിച്ചും മുനിസിപ്പാലിറ്റികൾക്കനുസരിച്ചും പിഴ സംഖ്യയിലും പണമടയ്ക്കലിന്റെ നിരക്കിലും വ്യത്യാസമുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.