ജിദ്ദ:വാട്‌സ് ആപ്പിലൂടെയുള്ള തട്ടിപ്പിൽ സൗദി പൗരന്റെ അക്കൗണ്ടിൽ നിന്ന് 20,000 റിയാൽ നഷ്ടപ്പെട്ടു. പ്രശസ്ത കമ്പനിയുടെ പേരിൽ ലഭിച്ച വാട്‌സ് ആപ്പ് സന്ദേശത്തിലെ ലിങ്കിൽ പ്രവേശിച്ച് വിവരങ്ങൾ നൽകിയതിലൂടെയാണ് തന്റെ ബന്ധുവിന് പണം നഷ്ടപ്പെട്ടതെന്ന് സാങ്കേതിക വിദഗ്ധൻ അബ്ദുല്ല അൽസബഅ് പറഞ്ഞു. ഇത്തരം തട്ടിപ്പുകൾ എല്ലാവരും കരുതിയിരിക്കണം. പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള സന്ദേശങ്ങളിലൂടെ തന്ത്രപൂർവം അക്കൗണ്ട് വിവരങ്ങൾ ചോർത്തി അക്കൗണ്ടുകളിൽ നിന്ന് പണം കവരുന്ന പ്രവണതകൾ വർധിച്ചിട്ടുണ്ട്.
നിങ്ങൾക്കുള്ള സിനിമാ ടിക്കറ്റോ ഓർഡറോ സമ്മാനമോ മറ്റോ ഉണ്ടെന്ന് പറഞ്ഞാകും വൻകിട കമ്പനികളുടെ പേരിലുള്ള വ്യാജ സന്ദേശങ്ങൾ വാട്‌സ് ആപ്പ് ഉപയോക്താക്കൾക്ക് ലഭിക്കുക. സമ്മാനങ്ങളും മറ്റും ലഭിക്കാൻ ആവശ്യമായ വിവരങ്ങൾ സമർപ്പിക്കാനെന്ന പേരിൽ മറ്റൊരു ലിങ്കും ലഭിക്കും. ഈ ലിങ്കിൽ പ്രവേശിച്ച് വിവരങ്ങൾ നൽകിയാൽ അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിക്കപ്പെടുകയാകും ഫലം. പെട്ടെന്ന് ശ്രദ്ധയിൽ പെടാത്ത നേരിയ വ്യത്യാസങ്ങളോടെ പ്രശസ്തമായ കമ്പനികളുടെ പേരുകൾ തന്നെയാണ് തട്ടിപ്പുകാർ ഉപയോഗിക്കുകയെന്നും അബ്ദുല്ല അൽസബഅ് പറഞ്ഞു.
തട്ടിപ്പ് സന്ദേശങ്ങളുമായി പ്രതികരിക്കുന്നതിനെതിരെ പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇത്തരം സന്ദേശങ്ങൾ ഡിലീറ്റ് ചെയ്താൽ മാത്രം പോര, അവയെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുകയും വേണം. തൊട്ടടുത്ത പോലീസ് സ്റ്റേഷനുകളിൽ നേരിട്ടെത്തിയോ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ‘കുല്ലുനാ അംന്’ എന്ന ആപ്പ് വഴിയോ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും ബന്ധപ്പെട്ടോ തട്ടിപ്പ് സന്ദേശങ്ങളെ കുറിച്ച് അറിയിക്കണമെന്ന് പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.
വലിയ സമ്മാനം അടിച്ചതായും ഇവ കൈമാറാൻ നിസാര തുക അടക്കണമെന്നും ആവശ്യപ്പെടൽ, പണമടച്ച് നിക്ഷേപ പദ്ധതിയിലോ പ്രത്യേക കമ്പനിയിലോ ചേരാൻ ആവശ്യപ്പെടൽ, അക്കൗണ്ടുകൾ ക്ലോസ് ചെയ്തതായി അറിയിച്ച് അക്കൗണ്ടുകൾ വീണ്ടും ആക്ടിവേറ്റ് ചെയ്യാൻ പ്രത്യേക ലിങ്കിൽ പ്രവേശിക്കാൻ ആവശ്യപ്പെടൽ, വ്യാകരണ, അക്ഷരപ്പിശകുകൾ അടങ്ങിയ സന്ദേശങ്ങൾ എന്നിവയെല്ലാം തട്ടിപ്പ് സന്ദേശങ്ങളുടെ പ്രധാന അടയാളങ്ങളാണ്. അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒരാൾക്കു മുന്നിലും വെളിപ്പെടുത്തരുത്. എ.ടി.എം കാർഡുകളുടെ പിൻ നമ്പർ, പാസ്‌വേർഡ്, ഒ.ടി.പി നമ്പർ എന്നിവ ബാങ്ക് ഉദ്യോഗസ്ഥൻ ഒരിക്കലും ആവശ്യപ്പെടില്ലെന്നും പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു. സൗദിയിൽ സൈബർ തട്ടിപ്പുകൾക്ക് ഏഴു വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും.