റിയാദ്: തലസ്ഥാന നഗരിയിലെ അല്‍ഗദീര്‍ ഡിസ്ട്രിക്ടില്‍ വൃക്ഷവല്‍ക്കരണ പദ്ധതിക്ക് തുടക്കമായതായി റിയാദ് ഗ്രീന്‍ പ്രോഗ്രാം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി റിയാദില്‍ വൃക്ഷവല്‍ക്കരണം നടപ്പാക്കുന്ന ആറാമത്തെ ഡിസ്ട്രിക്ട് ആണ് അല്‍ഗദീര്‍. അസീസിയ, അല്‍നസീം, അല്‍ജസീറ, അല്‍ഉറൈജാ, ഖുര്‍തുബ ഡിസ്ട്രിക്ടുകളിലാണ് ഇതിനു മുമ്പ് വൃക്ഷവല്‍ക്കരണത്തിന് തുടക്കം കുറിച്ചത്. തലസ്ഥാന നഗരിയിലെ 120 ഡിസ്ട്രിക്ടുകളിലും വൃക്ഷവല്‍ക്കരണം നടപ്പാക്കാനാണ് പദ്ധതി.
വൃക്ഷവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി അല്‍ഗദീര്‍ ഡിസ്ട്രിക്ടില്‍ 46,500 ചെറുവൃക്ഷങ്ങളും വൃക്ഷത്തൈകളും നട്ടുവളര്‍ത്തും. ഡിസ്ട്രിക്ടില്‍ ഏഴു പാര്‍ക്കുകളും നടപ്പാക്കും. കൂടാതെ ഇവിടുത്തെ നാലു സ്‌കൂളുകളിലും പതിമൂന്നു മസ്ജിദുകളിലും ഒരു ആശുപത്രിയിലും നാലു കാലി സ്ഥലങ്ങളിലും 28 കിലോമീറ്റര്‍ നീളത്തിലുള്ള റോഡുകളിലും ഫുട്പാത്തുകളിലും വൃക്ഷവല്‍ക്കരണം നടപ്പാക്കും.
വൃക്ഷവല്‍ക്കരണത്തോടനുബന്ധിച്ച് ഇതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിനെയും നടീല്‍ ജോലികള്‍ ആരംഭിക്കുന്നതിനെയും പദ്ധതി ഘട്ടങ്ങളെയും പദ്ധതി കാലയളവിനെയും കുറിച്ച് പ്രദേശവാസികളെ ബോധവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ട് എക്‌സിബിഷനും അനുബന്ധ പരിപാടികളും സംഘടിപ്പിക്കും. ഡിസംബര്‍ രണ്ടു വരെ അല്‍ഗദീര്‍ ഡിസ്ട്രിക്ടില്‍ വൃക്ഷവല്‍ക്കരണ ജോലികള്‍ തുടരും. ഇതിനു ശേഷം അല്‍നഖീല്‍ ഡിസ്ട്രിക്ടില്‍ പദ്ധതിക്ക് തുടക്കം കുറിക്കും.
സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവ്, സൗദി വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ വലിയ തോതില്‍ സഹായിക്കുന്ന പദ്ധതിയാണ് റിയാദ് ഗ്രീന്‍ പ്രോഗ്രാം. റിയാദില്‍ നടപ്പാക്കുന്ന ഈ ബൃഹദ് പദ്ധതിക്ക് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവാണ് സമാരംഭം കുറിച്ചത്.