ജിദ്ദ: വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും കൂടുതൽ ഉയർന്ന നഷ്ടപരിഹാരം ഉറപ്പുവരുത്തുകയും ചെയ്യുന്ന പുതിയ നിയമാവലി അംഗീകാരിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. പുതിയ നിയമാവലി നവംബർ 20 മുതൽ പ്രാബല്യത്തിൽവരും. വ്യോമഗതാഗത സേവനങ്ങൾ നവീകരിക്കാനും കാര്യക്ഷമത വർധിപ്പിക്കാനും വിമാന യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനും അവകാശങ്ങൾ സംരക്ഷിക്കാനുമാണ് പുതിയ നിയമാവലിയിലൂടെ ലക്ഷ്യമിടുന്നത്.
സർവീസിന് കാലതാമസം നേരിടൽ, സർവീസ് നേരത്തെയാക്കൽ, റദ്ദാക്കൽ, ഓവർ ബുക്കിംഗ് കാരണം സീറ്റ് നിഷേധിക്കൽ, സീറ്റ് ക്ലാസ് താഴ്ത്തൽ എന്നീ സാഹചര്യങ്ങളിൽ യാത്രക്കാർക്ക് പരിചരണവും പിന്തുണയും നഷ്ടപരിഹാരവും ഉറപ്പുവരുത്തുന്ന 30 വകുപ്പുകളാണ് നിയമാവലിയിലുള്ളത്. ചില സാഹചര്യങ്ങളിൽ ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം മുതൽ 200 ശതമാനം വരെ യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭിക്കും. ബുക്കിംഗ് നടത്തുമ്പോൾ പ്രഖ്യാപിക്കാത്ത സ്റ്റോപ്പ്-ഓവർ പിന്നീട് ഉൾപ്പെടുത്തുന്ന സാഹചര്യത്തിലും യാത്രക്കാർക്ക് പുതിയ നിയമാവലി നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നു. യാത്രക്കാരുടെയും വിമാന കമ്പനികളുടെയും ബാധ്യതകളും നിയമാവലി വ്യക്തമാക്കുന്നു. വികലാംഗ യാത്രക്കാരുടെ അവകാശങ്ങളും പ്രത്യേക ആവശ്യകതകളും നിയമാവലി കൈകാര്യം ചെയ്യുന്നു. ഹജ്, ഉംറ സർവീസുകൾ പോലെ ചാർട്ടർ ഫ്‌ളൈറ്റുകളിലെ യാത്രക്കാരുടെ അവകാശങ്ങളും നിയമാവലി ഉറപ്പുവരുത്തുന്നു.
ബാഗേജ് നഷ്ടപ്പെടുന്ന യാത്രക്കാർക്ക് 6,568 റിയാലിന് തുല്യമായ തുക നഷ്ടപരിഹാരമായി ലഭിക്കും. ബാഗേജുകൾ കേടാവുകയോ ബാഗേജ് ലഭിക്കാൻ കാലതാമസം നേരിടുകയോ ചെയ്യുന്ന സാഹചര്യങ്ങളിലും 6,568 റിയാലിൽ കവിയാത്ത നഷ്ടപരിഹാരം ലഭിക്കും. വിമാന സർവീസുകളിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളിൽ നിന്ന് യാത്രക്കാരെ സംരക്ഷിച്ചും കൂടുതൽ മെച്ചപ്പെട്ട ഓപ്ഷനുകൾ അവർക്ക് നൽകിയും സൗദിയിൽ വിമാന യാത്രക്കാരുടെ യാത്രാനുഭവം മെച്ചപ്പെടുത്താനുള്ള ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ താൽപര്യം പുതിയ നിയമാവലി പ്രതിഫലിപ്പിക്കുന്നതായി അതോറിറ്റി വൈസ് പ്രസിഡന്റ് എൻജിനീയർ അബ്ദുൽ അസീസ് അൽദഹ്മശ് പറഞ്ഞു.
വികസനത്തോടുള്ള അതോറിറ്റിയുടെ നിരന്തരമായ പ്രതിബദ്ധതയും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്ന എല്ലാ കാര്യങ്ങളിലുമുള്ള താൽപര്യവുമാണ് പുതിയ നിയമാവലി പ്രതിഫലിപ്പിക്കുന്നത്. ടൂറിസം മേഖലയിൽ വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ കൈവരിക്കാനും സാമ്പത്തിക വൈവിധ്യവൽക്കരണ ശേഷികൾ വർധിപ്പിക്കാനും ശ്രമിച്ച് ദേശീയ വ്യോമയാന തന്ത്രം ലക്ഷ്യങ്ങൾ കൈവരിക്കാനും ഇതിലൂടെ ഉന്നമിടുന്നതായും എൻജിനീയർ അബ്ദുൽ അസീസ് അൽദഹ്മശ് പറഞ്ഞു.
2030 ഓടെ മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ വ്യോമയാന വിപണിയായി സൗദി അറേബ്യയെ മാറ്റാനും പ്രതിവർഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായി ഉയർത്താനും പ്രതിവർഷ എയർ കാർഗോ ശേഷി 45 ലക്ഷം ടൺ ആയി ഉയർത്താനും സൗദി വിമാനത്താളങ്ങളിൽ നിന്ന് സർവീസുള്ള വിദേശ നഗരങ്ങളുടെ എണ്ണം 250 ആയി ഉയർത്താനും ദേശീയ വ്യോമയാന തന്ത്രം ലക്ഷ്യമിടുന്നു.