ജിദ്ദ- വ്യാജ അവകാശവാദം ഉന്നയിച്ച് പരസ്യം ചെയ്ത കമ്പനിക്ക് വാണിജ്യ മന്ത്രാലയം പിഴ ചുമത്തി. സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷനിൽ നിന്ന് ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭിച്ച ഏക ഇലക്ട്രിക് ട്രിമ്മറാണ് തങ്ങൾ വിൽക്കുന്നതെന്ന് വാദിച്ച് പരസ്യം ചെയ്തതിനാണ് കമ്പനിക്ക് പിഴ ചുമത്തിയത്.
സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷനുമായി വാണിജ്യ മന്ത്രാലയം ആശയവിനിമയം നടത്തിയതിൽ നിന്ന് കമ്പനിയുടെ പരസ്യം ആളുകളെ കബളിപ്പിക്കുന്നതാണെന്നും സമാനമായ 168 ട്രിമ്മറുകൾക്ക് സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷൻ ഗുണനിലവാര സർട്ടിഫിക്കറ്റ് അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ നിയമ വിരുദ്ധ പരസ്യം നീക്കം ചെയ്യാൻ കമ്പനിയെ നിർബന്ധിച്ച വാണിജ്യ മന്ത്രാലയം കമ്പനിക്കെതിരായ കേസ് ഇ-കൊമേഴ്‌സ് നിയമ ലംഘനങ്ങൾ പരിശോധിച്ച് തീർപ്പ് കൽപിക്കുന്ന പ്രത്യേക കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. കേസ് പരിശോധിച്ച കമ്മിറ്റി കമ്പനിക്ക് പിഴ ചുമത്തി.
ഉപയോക്താക്കളെ പ്രത്യക്ഷമായോ പരോക്ഷമായോ ഏതെങ്കിലും രീതിയിൽ കബളിപ്പിക്കുന്ന വ്യാജ അവകാശവാദങ്ങളും വാചകങ്ങളും പരസ്യങ്ങളിൽ ഉൾപ്പെടുത്തുന്നത് ഇ-കൊമേഴ്‌സ് നിയമം വിലക്കുന്നു. ഇത് ലംഘിക്കുന്നവർക്ക് പത്തു ലക്ഷം റിയാൽ വരെ പിഴയും പ്രവർത്തന വിലക്കും ലഭിക്കും.