റിയാദ്:മോഷണം പോയ വാഹനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന ഫീസുകളും പിഴയും സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സുപ്രധാന തീരുമാനമെടുത്തത്. വാഹനം നഷ്ടപ്പെട്ടത് മുതല്‍ കണ്ടുകിട്ടുന്നത് വരെയുള്ള പിഴകളും ഫീസുകളും ഉടമകളില്‍ നിന്ന് ഈടാക്കില്ല. മോഷ്ടാവിനെ കണ്ടെത്തിയാല്‍ പിഴ മോഷ്ടാവില്‍ നിന്ന് ഈടാക്കും. അത്തരം വാഹനങ്ങള്‍ വ്യാജമാര്‍ഗങ്ങളിലൂടെ സ്വന്തമാക്കുന്നവരും ഈ പിഴ അടക്കേണ്ടിവരും.
നിലവില്‍ വാഹനം മോഷണം പോയാല്‍ ഉടമകളുടെ പേരിലാണ് പിഴ വരാറുള്ളത്. വാഹനം നഷ്ടപ്പെട്ടാല്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കണം. എന്നാല്‍ പിന്നീട് വരുന്ന പിഴകള്‍ ഒഴിവാക്കിക്കിട്ടാറുണ്ട്. ഇത്തരം പിഴകള്‍ ഉടമകള്‍ വഹിക്കേണ്ടതില്ലെന്ന മന്ത്രിസഭ തീരുമാനം ഗസറ്റില്‍ വിജ്ഞാപനം ചെയ്ത ശേഷമാണ് നടപ്പാകുക.
സൗദിയിൽ മോഷ്ടിക്കപ്പെട്ട വാഹനങ്ങളുടെ പിഴകളും ഫീസുകളും സർക്കാർ വഹിക്കും
