റിയാദ്- എല്‍എല്‍സി (ലിമിറ്റഡ് ലിയാബിലിറ്റി) കമ്പനികള്‍ അവയുടെ വാര്‍ഷിക സാമ്പത്തിക പ്രസ്താവനകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്നും ഇല്ലെങ്കില്‍ കമ്പനി നിയമം ലംഘിച്ചതായി കണക്കാക്കുമെന്നും സൗദി വാണിജ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഓരോ സാമ്പത്തിക വര്‍ഷവും കമ്പനിക്ക് ലാഭമുണ്ടെങ്കില്‍ അത് വിതരണം ചെയ്ത രീതി, മുന്‍വര്‍ഷത്തെ സാമ്പത്തിക സ്ഥിതി, കമ്പനിയുടെ പ്രവര്‍ത്തനം തുടങ്ങിയവയടങ്ങുന്ന സാമ്പത്തിക പ്രസ്താവനയെന്ന ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് കമ്പനി ഡയറക്ടര്‍ തയ്യാറാക്കി മന്ത്രാലയത്തിന് സമര്‍പ്പിക്കണം.
ഓഡിറ്റ് റിപ്പോര്‍ട്ടുണ്ടെങ്കില്‍ അതിന്റെ കോപ്പിയും കമ്പനിയുടെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടും സാമ്പത്തിക പ്രസ്താവനയുടെ കോപ്പിയും കമ്പനിയുടെ ഓഹരിയുടമകള്‍ക്ക് ജനറല്‍ ബോഡി യോഗം വിളിക്കുന്നതിന്റെ 21 ദിവസം മുമ്പ് ഡയറക്ടര്‍ നല്‍കണം. യോഗം നടക്കുന്നതിന്റെ 45 ദിവസം മുമ്പെങ്കിലും ഓഡിറ്റര്‍ക്ക് മുമ്പില്‍ രേഖകള്‍ സമര്‍പ്പിക്കണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.
മലയാളികളടക്കം നിരവധി പേര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ നിക്ഷേപകരായി നിരവധി കമ്പനികള്‍ രൂപീകരിച്ചിട്ടുണ്ട്. സാമ്പത്തിക പ്രസ്താവനകളും ജനറല്‍ ബോഡിയോഗമടക്കമുള്ളതിന്റെ രേഖകളും മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ പിഴയടക്കമുള്ള ശിക്ഷാനടപടികളുണ്ടാവും.