മനാമ – കടുത്ത താപനിലയോട് പൊരുതുന്ന ബഹ്‌റൈന്‍ മറ്റൊരു തരത്തിലുള്ള പാരിസ്ഥിതിക ഭീഷണിയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു. സമുദ്രജലനിരപ്പ് ഉയരുന്നത് ബഹ്‌റൈന്‍ തീരത്തിന്റെ ചില ഭാഗങ്ങളെ വിഴുങ്ങിയേക്കുമെന്ന് പെട്രോളിയം, പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദേന പറഞ്ഞു. ഈ പ്രതിഭാസത്തെ നേരിടാന്‍ ബീച്ചുകള്‍ വികസിപ്പിക്കുക, ഉയര്‍ന്ന കടല്‍ ഭിത്തികള്‍ നിര്‍മിക്കുക, ഭൂനിരപ്പ് ഉയര്‍ത്തുക എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധ പദ്ധതി അടുത്ത വര്‍ഷത്തോടെ ബഹ്‌റൈന്‍ നടപ്പാക്കി തുടങ്ങും. ബഹ്‌റൈന്‍ വലിയ തോതിലുള്ള പാരിസ്ഥിതിക ഭീഷണികള്‍ നേരിടുന്നു. സമുദ്രജലനിരപ്പ് ഉയരുന്ന നിശബ്ദ ഭീഷണിയാണ് ഇതില്‍ പ്രധാനമെന്ന് മന്ത്രി പറഞ്ഞു. അഞ്ചുമീറ്ററോളം സമുദ്രജലനിരപ്പ് ഉയരുന്നത് ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം അടക്കം രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലാക്കുമെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
അര മീറ്റര്‍ മുതല്‍ ഒന്നര മീറ്റര്‍ വരെ സമുദ്രജലനിരപ്പ് ഉയരുന്നത് രാജ്യത്തിന്റെ അഞ്ചു മുതല്‍ 18 ശതമാനം വരെ ഭൂപ്രദേശങ്ങള്‍ വെള്ളത്തിനടിയിലാക്കുമെന്ന് മനാമ അറേബ്യന്‍ ഗള്‍ഫ് യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ സ്വബാഹ് അല്‍ജുനൈദ് പറയുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ ഏക ദ്വീപ് രാജ്യമാണ് ബഹ്‌റൈന്‍. രാജ്യത്തെ ജനസംഖ്യയുടെ ഭൂരിഭാഗവും സമുദ്രജലനിരപ്പില്‍ നിന്ന് അഞ്ചു മീറ്ററില്‍ കുറവ് മാത്രം ഉയരമുള്ള തീരപ്രദേശങ്ങളിലാണ് താമസിക്കുന്നത്. രാജ്യത്തെ പ്രധാന സ്ഥാപനങ്ങളെല്ലാം ഈ പ്രദേശങ്ങളിലാണ്.
ആഗോള താപനം ഹിമനദികളും മഞ്ഞുപാളികളും ഉരുകാന്‍ കാരണമാകുന്നതിനാല്‍ ലോകമെമ്പാടുമുള്ള മറ്റു ദ്വീപുകളും സമുദ്രജലനിരപ്പ് ഉയരുന്നതിന്റെ ഭീഷണിയിലാണ്. 1976 മുതല്‍ എല്ലാ വര്‍ഷവും സമുദ്രജലനിരപ്പ് 1.6 മില്ലിമീറ്റര്‍ മുതല്‍ മുതല്‍ 3.4 മില്ലിമീറ്റര്‍ വരെ ഉയരുന്നതായി ബഹ്‌റൈനിലെ ബന്ധപ്പെട്ട വകുപ്പുകള്‍ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പെട്രോളിയം, പരിസ്ഥിതി മന്ത്രി പറഞ്ഞു. 2050 ഓടെ സമുദ്രജലനിരപ്പ് ചുരുങ്ങിയത് അര മീറ്ററെങ്കിലും ഉയരുമെന്ന് യു.എന്നിനു കീഴിലെ ഇന്റര്‍ഗവണ്‍മെന്റല്‍ കമ്മിറ്റി കണക്കാക്കുന്നു. എന്നാല്‍ ഈ കണക്കുകള്‍ കൃത്യമല്ലെന്ന് ചില വിദഗ്ധര്‍ പറയുന്നു. സമുദ്രജലനിരപ്പ് ഉയരുന്നത് വെള്ളപ്പൊക്കം രൂക്ഷമാക്കുകയും തീരങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുകയും ബഹ്‌റൈനിലെ വിരളമായ ഭൂഗര്‍ഭ ജലശേഖരത്തെ മലിനമാക്കുകയും ചെയ്യും.
ഇക്കാരണത്താല്‍ സമുദ്രജലനിരപ്പ് ഉയരല്‍ ബഹ്‌റൈന്റെ മുന്‍ഗണനകളിലൊന്നാണെന്ന് മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദേന പറഞ്ഞു. ഒന്നുകില്‍ ഞങ്ങള്‍ കടല്‍തീരങ്ങള്‍ വിശാലമാക്കും. അല്ലെങ്കില്‍ ചില പ്രത്യേക പ്രദേശങ്ങളില്‍ കല്ലുകള്‍ ഉപയോഗിച്ച് കടല്‍ഭിത്തി നിര്‍മിക്കും. അതുമല്ലെങ്കില്‍ കടല്‍തീരത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഭൂനിരപ്പ് ഉയര്‍ത്തും. പത്തു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ നടപ്പാക്കുന്ന വിശദമായ പദ്ധതിയുടെ ഒരു ഭാഗമാണിതെന്ന് മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദേന പറഞ്ഞു.