ജിദ്ദ:അമ്പതും അതിൽ കൂടുതലും ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശികൾക്ക് നൽകുന്ന തൊഴിൽ പരിശീലനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓരോ വർഷവും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്‌ഫോം വഴി വെളിപ്പെടുത്തൽ നിർബന്ധമാക്കുന്ന തീരുമാനം മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ പരിശീലന പ്രോഗ്രാമുകളുടെ ഗുണമേന്മയും കാര്യക്ഷമതയും ഉയർത്താനും ജീവനക്കാരുടെ കഴിവുകൾ പരിപോഷിപ്പിക്കാനും വികസനത്തിനും വളർച്ചക്കുമുള്ള അവസരങ്ങൾ നിലനിർത്താനും പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നു. ദേശീയ തലത്തിൽ തൊഴിൽ പരിശീലന ഡാറ്റയുടെ വ്യക്തമായ സൂചകങ്ങൾ ലഭ്യമാക്കാനും തൊഴിലാളികളുടെ പ്രകടനവും ഉൽപാദനക്ഷമതയും മെച്ചപ്പെടുത്താനും ഇതിലൂടെ മന്ത്രാലയം ശ്രമിക്കുന്നു.
പുതിയ തീരുമാന പ്രകാരം അമ്പതും അതിൽ കൂടുതലും ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ തൊഴിൽ പരിശീലനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഈ വർഷാവസാനം വെളിപ്പെടുത്തൽ നിർബന്ധമാണ്. തൊഴിൽ പരിശീലനം നൽകിയ മണിക്കൂറുകൾ, ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, തൊഴിലാളികൾ-വിദ്യാർഥികൾ-ബിരുദധാരികൾ-ഉദ്യോഗാർഥികൾ എന്നീ വിഭാഗങ്ങളിൽ പെട്ട തൊഴിൽ പരിശീലനം പൂർത്തിയാക്കിയവരുടെ എണ്ണം എന്നീ വിവരങ്ങളാണ് വെളിപ്പെടുത്തേണ്ടത്. വെളിപ്പെടുത്തുന്ന പരിശീലന കാലയളവ് ഒരു ട്രെയിനിക്ക് എട്ട് യൂനിറ്റിൽ കുറവായിരിക്കരുത്. അടുത്ത വർഷം നടപ്പാക്കുന്ന പരിശീലന പദ്ധതികൾ, പരിശീലനവുമായി ബന്ധപ്പെട്ട ഡാറ്റകളും റിപ്പോർട്ടുകളും, ട്രെയിനികളുടെ എണ്ണം, ഇതിന് നീക്കിവെക്കുന്ന ബജറ്റ് എന്നീ വിവരങ്ങളും സ്ഥാപനങ്ങൾ ഈ വർഷാവസാനം സമർപ്പിക്കൽ നിർബന്ധമാണ്.
തൊഴിൽ വിപണിയിലെ പരിശീലന സൂചകങ്ങളുടെ കൃത്യമായ വിശകലന വായന കൈവരിക്കാൻ ഈ തീരുമാനം സഹായിക്കും. ഈ സൂചകങ്ങൾ അനുസരിച്ച്, സ്വകാര്യ മേഖലയുമായി സഹകരിച്ച്, തൊഴിലാളികൾക്കുള്ള പരിശീലന പ്രോഗ്രാമുകളുടെ കാര്യക്ഷമതയും ഗുണനിലവാരവും ഉയർത്തുന്നതിന് ആവശ്യമായ പ്രോത്സാഹനങ്ങളും നയങ്ങളും വികസിപ്പിക്കുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. തൊഴിൽ വിപണിയിലെ സ്ഥിരതയും ഉൽപാദനക്ഷമതയും വർധിപ്പിക്കുന്നതിന് തൊഴിലാളികളുടെ അറിവും വൈദഗ്ധ്യവും പരിശീലന നിലവാരവും മെച്ചപ്പെടുത്താൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ശ്രമിക്കുന്നു.