ജിദ്ദ – കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുടെ അരി ഇറക്കുമതി 31 ശതമാനം തോതില്‍ വര്‍ധിച്ചു. 2022 ല്‍ 510 കോടി റിയാലിന്റെ അരിയാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തത്. 2021 ല്‍ ഇത് 390 കോടി റിയാലായിരുന്നു. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ഇറക്കുമതി ചെയ്ത അരിയുടെ അളവ് 17 ശതമാനം തോതില്‍ മാത്രമാണ് വര്‍ധിച്ചതെങ്കിലും അരി ഇറക്കുമതി തുക 31 ശതമാനം തോതില്‍ ഉയര്‍ന്നു. ആഗോള തലത്തിലെ അരി വില വര്‍ധനയാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ കൊല്ലം 13 ലക്ഷം ടണ്‍ അരിയാണ് ഇറക്കുമതി ചെയ്തത്. 2021 ല്‍ അരി ഇറക്കുമതി 11 ലക്ഷം ടണ്‍ ആയിരുന്നു.
2020 ല്‍ അരി ഇറക്കുമതിയുടെ 95 ശതമാനവും 2021 ല്‍ 94 ശതമാനവും ഇന്ത്യ, അമേരിക്ക, പാക്കിസ്ഥാന്‍ എന്നീ മൂന്നു രാജ്യങ്ങളില്‍ നിന്നായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 91 ശതമാനമായി കുറക്കുന്നതില്‍ സൗദി അറേബ്യ വിജയിച്ചു. 2020 ല്‍ ഈ മൂന്നു രാജ്യങ്ങളില്‍ നിന്നും 480 കോടി റിയാലിന്റെയും 2021 ല്‍ 365 കോടി റിയാലിന്റെയും കഴിഞ്ഞ കൊല്ലം 470 കോടി റിയാലിന്റെയും അരി ഇറക്കുമതി ചെയ്തു. 2020 ല്‍ ആകെ 510 കോടി റിയാലിന്റെയും 2021 ല്‍ 390 കോടി റിയാലിന്റെയും 2022 ല്‍ 510 കോടി റിയാലിന്റെയും അരിയാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തത്. 2020 ല്‍ 15 ലക്ഷം ടണ്‍ അരി ഇറക്കുമതി ചെയ്തിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം അരി ഇറക്കുമതിയില്‍ രണ്ടു ലക്ഷം ടണ്ണിന്റെ കുറവ് രേഖപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം അരി ഇറക്കുമതിയുടെ 75 ശതമാനവും ഇന്ത്യയില്‍ നിന്നായിരുന്നു. ഇന്ത്യയില്‍ നിന്ന് 380 കോടി റിയാലിന്റെ അരി ഇറക്കുമതി ചെയ്തു. രണ്ടാം സ്ഥാനത്തുള്ള പാക്കിസ്ഥാനില്‍ നിന്ന് 44.5 കോടി റിയാലിന്റെയും മൂന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ നിന്ന് 36.9 കോടി റിയാലിന്റെയും അരി ഇറക്കുമതി ചെയ്തു. അരി ഇറക്കുമതിയുടെ ഒമ്പതു ശതമാനം പാക്കിസ്ഥാനില്‍ നിന്നും ഏഴു ശതമാനം അമേരിക്കയില്‍ നിന്നുമായിരുന്നു.
കഴിഞ്ഞ വര്‍ഷം ലോകത്ത് ആകെ 2,930 കോടി ഡോളറിന്റെ അരിയാണ് കയറ്റി അയച്ചത്. 2021 നെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം അരി ഇറക്കുമതി 8.7 ശതമാനം തോതില്‍ വര്‍ധിച്ചു. 2021 ല്‍ അരി കയറ്റുമതി 2,690 കോടി ഡോളറായിരുന്നു. 2018 ല്‍ അരി കയറ്റുമതി 2,600 കോടി ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം ലോകത്തെ ആകെ അരി കയറ്റുമതിയുടെ 73 ശതമാനവും ഇന്ത്യ, തായ്‌ലന്റ്, വിയറ്റ്‌നാം, പാക്കിസ്ഥാന്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ വിഹിതമാണ്. ലോകത്തെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമായ ഇന്ത്യ കഴിഞ്ഞ കൊല്ലം 1,080 കോടി ഡോളറിന്റെ അരിയാണ് വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. ലോകത്തെ ആകെ അരി കയറ്റുമതിയുടെ 37 ശതമാനം ഇന്ത്യയുടെ വിഹിതമാണ്.
രണ്ടാം സ്ഥാനത്തുള്ള തായ്‌ലന്റ് 400 കോടി ഡോളറിന്റെയും മൂന്നാം സ്ഥാനത്തുള്ള വിയറ്റ്‌നാം 250 കോടി ഡോളറിന്റെയും പാക്കിസ്ഥാന്‍ 240 കോടി ഡോളറിന്റെയും അമേരിക്ക 170 കോടി ഡോളറിന്റെയും അരി കയറ്റി അയച്ചു. ലോകത്തെ ആകെ അരി കയറ്റുമതിയുടെ 14 ശതമാനം തായ്‌ലന്റിന്റെയും ഒമ്പതു ശതമാനം വിയറ്റ്‌നാമിന്റെയും എട്ടു ശതമാനം പാക്കിസ്ഥാന്റെയും ആറു ശതമാനം അമേരിക്കയുടെയും വിഹിതമാണ്.