റിയാദ്:പഠന നിലവാരത്തിൽ അന്താരാഷ്ട്ര തലത്തിൽ തന്നെ മികച്ച റാങ്കിങ്ങ് നിലവാരത്തിലേക്കുയർന്ന് സൗദിയിലെ രണ്ടു സർവ്വകലാശാലകൾ. കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റിയാണ് 401ാം സ്ഥാനത്തോടെ അന്താരാഷ്ട്ര തലത്തിൽ മികച്ച നിലവാരം പുലർത്തുന്ന 1000 യൂണിവേഴ്‌സിറ്റികളിൽ സ്ഥാനം പിടിച്ചത്. ചൈനയിലെ ഷങ്ഹായ് യൂണിവേഴ്‌സിറ്റിയാണ് അന്താരാഷ്ട്ര തലത്തിൽ സർവ്വകലാശാലകളുടെ നിലവാരം വ്യക്തമാക്കുന്ന പഠന റിപ്പോർട്ട് പുറത്തു വിട്ടത്. കഴിഞ്ഞ വർഷത്തെതിൽ നിന്ന് 200 സ്ഥാനം മുന്നോട്ടു കുതിച്ചാണ് കിംഗ് ഖാലിദ് സർവ്വകലാശാല ഈ നേട്ടം കൈവരിച്ചത്. ഷങ്ഹായ് സർവ്വകലാശാലയുടെ ഇതേ റിപ്പോർട്ടിൽ ഇതാദ്യമായി അൽഖസീം സർവ്വകലാശാലയും സ്ഥാനം പിടിച്ചിട്ടുണ്ട്. 800 മുതൽ 900 വരെയുള്ള സർവകലാശാലകളിലാണ് അൽഖസിം യൂണിവേഴ്‌സിറ്റി എത്തിച്ചേർന്നത്. രാജ്യത്തെ യൂണിവേഴ്‌സിറ്റികളുടെയെല്ലാം പഠന ഗവേഷണ നിലവാരങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനുള്ള സൗദി സർവകലാശാലകളുടെ കഠിന പരിശ്രമങ്ങൾക്ക് ഭരണാധികാരികൾ നൽകുന്ന അകമഴിഞ്ഞ പിന്തുണയാണ് ഈ നേട്ടം കരസ്ഥമക്കാൻ സർവ്വകലാശാലകളെ പ്രാപ്തരാക്കിയത്. പഠന നിലവാരം, ഫാക്വൽറ്റി അംഗങ്ങളുടെ കഴിവ്, ഗവേഷ പ്രബന്ധങ്ങളുടെ മേന്മ, സർവ്വകലാശാലളുടെ വലിപ്പത്തിനനുസരിച്ചുള്ള പെർഫമെൻസ് എന്നീ രംഗങ്ങളുടെ സൂചകങ്ങൾക്കനുസരിച്ച് യൂണിവേഴ്‌സിറ്റി പൂർവ്വ വിദ്യാർത്ഥികൾ നേടുന്ന അന്താരാഷ്ട്ര അംഗീകാരങ്ങളും നോബൽ സമ്മാനങ്ങളുമെല്ലാം പരിഗണിച്ചാണ് റാങ്കിംഗ് നിർണയിക്കുന്നത്. അന്താരാഷ്ട്ര പ്രശസ്തരും അംഗീകാരം നേടിയവരുമായവർ ഉൾക്കൊള്ളുന്ന ഫാക്വൽറ്റി അംഗങ്ങളുടെ സാന്നിദ്ധ്യം, സർവ്വകലാശാലകളുടെ ഗവേഷണ പ്രബന്ധങ്ങൾ അന്താരാഷ്ട്ര തലത്തിലെ പഠനറിപ്പോർട്ടുകളിലും മറ്റും അവലംബമാക്കുക, ശാസ്ത്ര സാങ്കേതിക മേഖലകളിലെ പ്രസിദ്ധീകരണങ്ങളിലും മറ്റും ഇന്റക്‌സുകളിൽ സൂചകങ്ങളായി നൽകുക തുടങ്ങിയ നിരവധി മാനദണ്ഡങ്ങൾ കൂടി പരിഗണിച്ചാണ് ഷാങ്ഹായ് സർവ്വകലാശാല റാങ്കിംഗ് നൽകുന്നതെന്ന് കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റിയിലെ ഇന്റർനാഷണൽ റാങ്കിംഗ് യൂണിറ്റ് തലവൻ ഡോ.ഖാലിദ് സാമി പറഞ്ഞു.