റിയാദ്: ഉൽപന്നത്തിൽ രുചി മാറ്റം ഉണ്ടെന്ന ഉപഭോക്താക്കളിൽ നിന്ന് വ്യാപക പരാതികൾ ലഭിച്ചതിനെത്തുടർന്ന് രാജ്യത്തെ പ്രമുഖ പാൽ, പാൽ ഉൽപ്പന്ന കമ്പനിയായ അൽ മറായി വലിയ അളവിൽ പാൽ ഉൽപന്നം വിപണിയിൽ നിന്ന് പിൻവലിക്കാൻ തുടങ്ങി. ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, പലചരക്ക് കടകൾ എന്നിവിടങ്ങളിലെ നിരവധി തൊഴിലാളികൾ ഉത്പന്നങ്ങൾ ഉടനടി മാറ്റുന്ന നടപടികൾ സ്വീകരിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിരവധി ഉപഭോക്താക്കളിൽ നിന്ന് പാൽ ഉൽപ്പന്നമായ ലെബനിന്റെ രുചി മാറിയെന്ന് കാണിച്ച് പരാതികൾ ലഭിച്ചതായി പത്രം റിപ്പോർട്ട് ചെയ്തു. ഇതാണ് കമ്പനിയുടെ ഒരു ലിറ്റർ, 2.85 ലിറ്റർ ലെബൻ പാക്കേജുകൾ വിപണികളിൽ നിന്ന് ഉടനടി പിൻവലിക്കാൻ പ്രേരിപ്പിച്ചത്.
സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലെ അക്കൗണ്ടുകളിലൂടെ കമ്പനിക്ക് നിരവധി പരാതികൾ ലഭിച്ചുവെന്നും പരാതിക്കാരോട് സ്വകാര്യ സന്ദേശങ്ങൾ വഴി കമ്പനി ആശയവിനിമയം നടത്തി വരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, പാലുൽപ്പന്നത്തിന്റെ രുചി മാറ്റത്തിന്റെ കാരണങ്ങളും കമ്പനി എങ്ങനെ പ്രശ്നം കൈകാര്യം ചെയ്തുവെന്നും അറിയാനായി അൽമറായി കമ്പനിയുമായി ആശയവിനിമയം നടത്താൻ ശ്രമിച്ചുവെങ്കിലും, പ്രതികരണം ലഭ്യമായില്ലെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു.