സഊദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സഊദി എയര്‍ലൈന്‍സ് വൻ ഓഫർ പ്രഖ്യാപിച്ചു. എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും 50 ശതമാനം കിഴിവ് ആണ് പ്രഖ്യാപിച്ചത്. ഇന്ന് (2023 ഓഗസ്റ്റ് 17 വ്യാഴാഴ്ച) മുതല്‍ ഓഗസ്റ്റ് 30 ബുധനാഴ്ച വരെ വാങ്ങുന്ന ടിക്കറ്റുകള്‍ക്കാണ് അസാധാരണമായ പ്രമോഷണല്‍ ഓഫര്‍.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2023 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ യാത്ര ചെയ്യാവുന്ന ടിക്കറ്റുകളാണ് ഇപ്രകാരം നല്‍കുന്നത്. ബിസിനസ് ക്ലാസ്, ഇക്കോണമി ക്ലാസ് ടിക്കറ്റുകള്‍ക്കെല്ലാം നിരക്ക് ഇളവ് ലഭിക്കുമെന്നതും ശ്രദ്ധേയമാണ്.
രാജ്യത്തേക്ക് വിനോദസഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതിനാല്‍ രാജ്യത്തെ നഗരങ്ങളെ ലോകരാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള എയര്‍ലൈനിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് വൻ ഓഫർ പ്രഖ്യാപിച്ചത്.
‘നിങ്ങളുടെ സ്വപ്‌ന ലക്ഷ്യസ്ഥാനങ്ങള്‍ അടുത്തിരിക്കുന്നു’ എന്ന പ്രഖ്യാപനത്തോടെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) ആണ് സഊദി എയര്‍ലൈന്‍സ് ഓഫര്‍ സംബന്ധിച്ച അറിയിപ്പ് പോസ്റ്റ് ചെയ്തത്. സഊദിയയുടെ എല്ലാ അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്കും പകുതി ചാര്‍ജ് നല്‍കിയാല്‍ മതിയെന്ന് അറിയിപ്പില്‍ പറയുന്നു. കേരളത്തിൽ കൊച്ചിയിലേക്ക് സഊദി എയർലൈൻസ് സർവ്വീസ് നടത്തുന്നുണ്ട്.
എയര്‍ലൈനിന്റെ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ എളുപ്പത്തില്‍ ബുക്ക് ചെയ്യാം. ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനികളിലൊന്നായ സഊദി എയര്‍ലൈന്‍സ്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ നൂറിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു.
സഊദിയ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സഊദി അറേബ്യന്‍ എയര്‍ലൈന്‍സ് ജിദ്ദ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് പ്രധാന പ്രവര്‍ത്തന കേന്ദ്രം. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവും ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളവും ഉപകേന്ദ്രങ്ങളാണ്. റമദാനിലും ഹജ്ജ് സീസണിലും ആഭ്യന്തര, അന്തര്‍ദേശീയ ചാര്‍ട്ടര്‍ ഫ്‌ലൈറ്റുകളും സര്‍വീസ് നടത്തിവരുന്നു. ഏഴ് പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യവും സഊദിയക്കുണ്ട്.
പശ്ചിമേഷ്യയില്‍ സമയനിഷ്ട പാലിക്കുന്ന എയര്‍ലൈനുകളില്‍ ഒന്നാണ് സഊദിയ. ആഗോള ഏവിയേഷന്‍ അനലിറ്റിക്‌സ് ഗ്രൂപ്പായ ഒഎജിയുടെ 2023ന്റെ ആദ്യ പകുതിയിലെ റിപ്പോര്‍ട്ട് പ്രകാരം യുഎഇയുടെ ഇത്തിഹാദും എമിറേറ്റ്‌സുമാണ് ഇക്കാര്യത്തില്‍ ഏറെ മുന്നില്‍. എയര്‍ലൈനിന്റെ ഓണ്‍ടൈം പെര്‍ഫോമന്‍സ് (ഒടിപി) റിപ്പോര്‍ട്ടില്‍ 81.14 ശതമാനം നേടിയാണ് ഇത്തിഹാദ് എയര്‍വേസ് ഒന്നാംസ്ഥാനം അലങ്കരിച്ചത്. 81.13 ശതമാനം ഒടിപി നേടി യുഎഇയുടെ തന്നെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് തൊട്ടുപിന്നിലെത്തി.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും കൃത്യസമയം പാലിക്കുന്ന എയര്‍ലൈനുകളില്‍ മൂന്നാം സ്ഥാനം ഗള്‍ഫ് എയറിനാണ്. 79.92 ശതമാനമാണ് ഒടിപി റാങ്കിങ്. 77.50 ശതമാനം നേടി ഖത്തര്‍ എയര്‍വേയ്‌സ് നാലാം സ്ഥാനത്താണ്. ഫ്‌ലൈനാസ് 68.25 ശതമാനം ഒടിപിയുമായി ആദ്യ അഞ്ചില്‍ ഇടംപിടിച്ചു. എയര്‍ലൈനിന്റെ ഓണ്‍ടൈം പെര്‍ഫോമന്‍സ് (ഒടിപി) കണക്കാക്കുന്നത് പുറപ്പെടല്‍, എത്തിച്ചേരല്‍ ഡാറ്റയെ അടിസ്ഥാനമാക്കിയാണ്. ഷെഡ്യൂള്‍ ചെയ്ത സമയത്തിന്റെ 15 മിനിറ്റിനുള്ളില്‍ പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്ന ഫ്‌ളൈറ്റുകളാണ് ഓണ്‍ടൈം പെര്‍ഫോമന്‍സില്‍ ഉള്‍പ്പെടുന്നത്.