ജിദ്ദ: ഒമ്പതേമുക്കാൽ ലക്ഷത്തോളം സ്വദേശികളുടെ വേതനം പതിനായിരം റിയാലും അതിൽ കൂടുതലുമാണെന്ന് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് കണക്കുകൾ ഉദ്ധരിച്ച് അൽമദീന ദിനപത്രം റിപ്പോർട്ട് ചെയ്തു. പതിനായിരം റിയാലും അതിൽ കൂടുതലും വേതനം ലഭിക്കുന്ന 9,65,000 സൗദി ജീവനക്കാരാണുള്ളത്. പത്തു ലക്ഷത്തിലേറെ സൗദി ജീവനക്കാർക്ക് 5000 റിയാൽ മുതൽ 9999 റിയാൽ വരെ വേതനം ലഭിക്കുന്നു. 2018 ൽ പതിനായിരം റിയാലും അതിൽ കൂടുതലും വേതനം ലഭിക്കുന്ന 4,73,000 സ്വദേശി ജീവനക്കാരാണ് സ്വകാര്യ മേഖലയിലുണ്ടായിരുന്നത്.
ഈ വർഷം രണ്ടാം പാദാവസാനത്തെ കണക്കുകൾ പ്രകാരം പതിനായിരം റിയാലും അതിൽ കൂടുതൽ വേതനം ലഭിക്കുന്ന സ്വദേശി ജീവനക്കാരിൽ പകുതിയോളം റിയാദ് നഗരത്തിലാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ 22 ലക്ഷത്തിലേറെ സൗദി ജീവനക്കാരുണ്ട്. സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 8.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും പ്രോഗ്രാമുകളും സർക്കാർ നടപ്പാക്കിവരികയാണ്. സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ പുതുതായി നിയമിക്കുന്ന സ്വദേശികളുടെ വേതന വിഹിതം നിശ്ചിത കാലത്തേക്ക് മാനവശേഷി, വികസന നിധിയിൽ നിന്ന് വിതരണം ചെയ്യുന്ന പദ്ധതിയാണ് ഇതിൽ പ്രധാനം.