റിയാദ്:പണപ്പെരുപ്പം ഉയര്‍ന്നതോടെ സൗദിയില്‍ അപാര്‍ട്ട്‌മെന്റുകളുടെ വാടകയും വര്‍ധിച്ചു. കഴിഞ്ഞ മാസം അഥവാ ജൂലൈയില്‍ ഭവന വാടക സൂചികയില്‍ 10.3 ശതമാനം വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ അപാര്‍ട്ട്‌മെന്റുകളുടെ വാടകയില്‍ 21.1 ശതമാനമാണ് വര്‍ധനയുണ്ടായത്.
വാര്‍ഷിക പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജൂലൈ മാസത്തില്‍ 2.3% ആയതായി ജനറല്‍ അഥോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് സ്ഥിരീകരിച്ചു. ഉപഭോക്തൃ വില സൂചിക കഴിഞ്ഞ ജൂണിനെ അപേക്ഷിച്ച് ജൂലൈയില്‍ 2.7% ല്‍ നിന്ന് 2.3% ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജൂലൈയില്‍ ഭക്ഷ്യപാനീയ വിലകളില്‍ 1.4% വര്‍ധനവ് രേഖപ്പെടുത്തി.
റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ മേഖലയില്‍ 2.9%; വിദ്യാഭ്യാസ മേഖലയില്‍ 1.8%, വിനോദസാംസ്‌കാരിക മേഖലയില്‍ 1.4% എന്നിങ്ങനെയാണ് വര്‍ധനവുള്ളത്. എന്നാല്‍ ഗൃഹോപകരണ മേഖലയില്‍ വില 2.5% കുറഞ്ഞു. മൊത്തവില സൂചികയില്‍ ഇതേ കാലയളവില്‍ 0.9% കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ജൂലൈയില്‍ മുന്‍ മാസത്തേക്കാള്‍ ഇതേ സൂചിക 1.3% കുറഞ്ഞു. അടിസ്ഥാന രാസവസ്തുക്കളുടെ വിലയില്‍ 21.5% വില കുറഞ്ഞതാണിതിന് കാരണം.
ജൂണ്‍ മാസത്തെ അപേക്ഷിച്ച് ജൂലൈ മാസത്തെ ഉപഭോക്തൃ വില സൂചിക താരതമ്യേന സ്ഥിരതയുള്ളതായിരുന്നു. ഭവനം, വെള്ളം, വൈദ്യുതി, പാചകവാതകം, മറ്റ് ഇന്ധനങ്ങള്‍ എന്നിവയില്‍ 0.3% വര്‍ധനവുണ്ടായതിനാല്‍ ഉപഭോക്തൃ വില സൂചിക 0.1% വര്‍ധിച്ചു. ഇത് ഭവനവാടക വിലയില്‍ 0.3% വര്‍ധനക്ക് കാരണമായി.