ജിദ്ദ:അടുത്ത ഞായറാഴ്ച ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിൽ സർക്കാർ എലിമെന്ററി സ്‌കൂളുകളിൽ നാലാം ക്ലാസിൽ വിദ്യാർഥികളെ പഠിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം അധ്യാപികമാർക്ക് അനുമതി നൽകുന്നു. വിദ്യാർഥികളെ പഠിപ്പിക്കാൻ അധ്യാപികമാരെ അനുവദിക്കുന്ന സംയുക്ത വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാനാണ് മന്ത്രാലയം ആലോചിക്കുന്നത്. അൽഖസീം പ്രവിശ്യയിൽ പെട്ട ബുറൈദയിലെയും ഉനൈസയിലെയും അൽബുകൈരിയയിലെയും മൂന്നു സ്‌കൂളുകളിൽ പുതിയ അധ്യയന വർഷത്തിൽ സംയുക്ത വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും മുഴുവൻ സ്വകാര്യ, ഇന്റർനാഷണൽ എലിമെന്ററി സ്‌കൂളുകളിലും എല്ലാ ക്ലാസുകളിലും ആൺകുട്ടികളെ പഠിപ്പിക്കാൻ അധ്യാപികമാരെ അനുവദിക്കുന്ന തീരുമാനം നേരത്തെ വിദ്യാഭ്യാസ മന്ത്രാലയം കൈക്കൊണ്ടിരുന്നു.