ജിദ്ദ – കഴിഞ്ഞ മാസം സൗദിയിൽ പണപ്പെരുപ്പം 2.3 ശതമാനമായി കുറഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. കഴിഞ്ഞ വർഷം ജൂലൈയിൽ പണപ്പെരുപ്പം 2.7 ശതമാനമായിരുന്നു. ഇക്കഴിഞ്ഞ ജൂണിലും പണപ്പെരുപ്പം 2.7 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം ജൂലൈ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസം പണപ്പെരുപ്പത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയത് പാർപ്പിട വാടകയാണ്. പാർപ്പിട വാടക 10.3 ശതമാനം തോതിൽ വർധിച്ചു. ഫ്‌ളാറ്റ് വാടക 21.1 ശതമാനം തോതിൽ ഉയർന്നതാണ് മൊത്തത്തിലുള്ള പാർപ്പിട വാടകയിൽ പ്രതിഫലിച്ചത്.
ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും വില 1.4 ശതമാനം തോതിലും റെസ്റ്റോറന്റ്, ഹോട്ടൽ വിഭാഗത്തിൽ നിരക്കുകൾ 2.9 ശതമാനം തോതിലും വിദ്യാഭ്യാസ നിരക്കുകൾ 1.8 ശതമാനം തോതിലും വിനോദ, സംസ്‌കാര വിഭാഗത്തിൽ നിരക്കുകൾ 1.4 ശതമാനം തോതിലും ഇറച്ചി, കോഴിയിറച്ചി വില 1.9 ശതമാനം തോതിലും പാലിന്റെയും പാലുൽപന്നങ്ങളുടെയും വില 6.8 ശതമാനം തോതിലും ജൂലൈയിൽ ഉയർന്നു. ഫർണിച്ചർ വില 2.5 ശതമാനം തോതിലും വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും വില 3.9 ശതമാനം തോതിലും ജൂലൈയിൽ കുറഞ്ഞു.