കുവൈത്ത് സിറ്റി – തന്റെ ബാഗിൽ ബോംബുണ്ടെന്ന് തമാശക്ക് സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞ ഈജിപ്ഷ്യൻ എൻജിനീയറെ കുവൈത്തിൽ നിന്ന് നാടുകടത്തുന്നു. കുവൈത്ത് എയർപോർട്ടു വഴി യാത്ര ചെയ്യുന്നതിനിടെയാണ് ഈജിപ്ഷ്യൻ എൻജിനീയർ ചെക്ക് പോയിന്റിൽ വെച്ച് സുരക്ഷാ സൈനികരോട് തന്റെ ബാഗിൽ ബോംബുണ്ടെന്ന് തമാശ രൂപേണ പറഞ്ഞത്. ഉടൻ തന്നെ ഈജിപ്തുകാരന്റെ ബാഗേജുകൾ സുരക്ഷാ സൈനികർ സൂക്ഷ്മമായി പരിശോധിച്ചു. ബാഗേജുകൾക്കകത്ത് സംശയിക്കത്തക്ക യാതൊന്നും കണ്ടെത്തിയില്ല.
തുടർന്ന് വിശദമായ ചോദ്യം ചെയ്യലുകൾക്ക് ഈജിപ്തുകാരനെ അൽജലീബ് പോലീസ് സ്റ്റേഷനു കൈമാറി. ഇവിടെ വെച്ച് നടത്തിയ ചോദ്യം ചെയ്യലിൽ തമാശക്കു വേണ്ടിയാണ് ബാഗിൽ ബോംബുണ്ടെന്ന് താൻ സുരക്ഷാ സൈനികരോട് പറഞ്ഞതെന്ന് ഈജിപ്തുകാരൻ വെളിപ്പെടുത്തി. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഈജിപ്തുകാരനെ കുവൈത്തിൽ നിന്ന് എന്നെന്നേക്കുമായി നാടുകടത്താൻ ശുപാർശ ചെയ്യുന്ന കത്ത് സുരക്ഷാ സൈനികർ ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ജനറൽ അൻവർ ബർജസിന് സമർപ്പിക്കുകയായിരുന്നു.