ദുബൈ: കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ സ്വയം നടത്തുന്നതിനുള്ള അനുമതിക്കായി ഓൺലൈൻ സംവിധാനമൊരുക്കി ദുബൈ മുനിസിപ്പാലിറ്റി. കെട്ടിടങ്ങളുടെ നവീകരണ പ്രവൃത്തികൾക്കായി പെർമിറ്റ് നേടുന്നതിന് മുനിസിപ്പാലിറ്റി എൻജിനീയർമാരുടെ പരിശോധന വേണമെന്ന നിബന്ധനയാണ് ഇതോടെ ഇല്ലാതാവുക.
ഘടനപരമായ വലിയ മാറ്റങ്ങൾ ഒഴികെ കെട്ടിടങ്ങളുടെ അറ്റകുറ്റ പണികൾക്കുള്ള അനുമതി ഇനി എളുപ്പമാകും. ഭൂവുടകൾ, കരാറുകാർ, കൺസൾട്ടിങ് ഏജൻസികൾ, എൻജിനീയറിങ് സ്ഥാപനങ്ങൾ എന്നിവർക്കാണ് പുതിയ സേവനം ലഭ്യമാകുക. ദുബൈ ബിൽഡിങ് പെർമിറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത 1000 സംരംഭകർക്കായിരിക്കും നിലവിൽ അവസരം. കെട്ടിടങ്ങളുടെ സ്വയം പരിപാലന പെർമിറ്റിനായി മുനിസിപ്പാലിറ്റിയുടെ ലിങ്ക് മുഖേന വേണം അപേക്ഷ സമർപ്പിക്കാൻ.
ലളിതമായ അറ്റകുറ്റപ്പണികൾ, സ്വയം പരിപാലനം, പ്രത്യേക അറ്റകുറ്റപ്പണികൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് പെർമിറ്റ് അനുവദിക്കുക. തറയിലെ മാറ്റം, പെയിന്റിങ്, ഇന്റീരിയർ ആൻഡ് എക്സ്റ്റീരിയർ ഉൾപ്പെടെ ഘടനപരമല്ലാത്ത കേടുപാടുകൾ തീർക്കുന്നതിന് മുനിസിപ്പാലിറ്റി എൻജിനീയർമാരുടെ പരിശോധന വേണമെന്നത് പുതിയ സംവിധാനം വരുന്നതോടെ ഇല്ലാതാകും. ഉപഭോക്താക്കൾക്ക് സർക്കാർ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് ദുബൈ മുനിസിപ്പാലിറ്റി ബിൽഡിങ് പെർമിറ്റ് ഡിപാർട്ട്മെന്റ് എൻജിനീയർ ലയാലി അബ് ദുറഹ്മാൻ അൽ മുല്ല പറഞ്ഞു.
പൊതുജനങ്ങൾക്ക് മികച്ച ഗുണനിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കുക, നടപടിക്രമങ്ങൾ എളുപ്പമാക്കുക, ചെലവ് കുറക്കുക എന്നിവയാണ് ഇതിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്. ദുബൈ എമിറേറ്റിലെ നിർമാണ മേഖലയുടെ ഉത്പാദന ക്ഷമത വർധിപ്പിക്കുന്നതിന് ഇത്തരം സേവനങ്ങളിലൂടെ സാധിക്കുമെന്ന് നഗരസഭാ അധികൃതർ വിലയിരുത്തുന്നു.