ജിദ്ദ:മധ്യവർത്തിയായ റിയൽ എസ്റ്റേറ്റ് ബ്രോക്കർക്കോ, കെട്ടിട ഉടമക്കോ പണമായോ ബാങ്ക് ട്രാൻസ്ഫർ ആയോ വാടകക്കാരൻ വാടക അടക്കുന്നപക്ഷം ഇലക്‌ട്രോണിക് രസീത് വൗച്ചർ ഇഷ്യു ചെയ്യണമെന്ന് വാടക സേവനങ്ങൾക്കുള്ള ഈജാർ പ്ലാറ്റ്‌ഫോം വ്യക്തമാക്കി. സദ്ദാദ് സേവനം, മദ പെയ്‌മെന്റ്, ബാങ്ക് ട്രാൻസ്ഫർ, പണമായി നൽകൽ പോലെ വ്യത്യസ്ത പെയ്‌മെന്റ് ഓപ്ഷനുകൾ ഈജാർ പ്ലാറ്റ്‌ഫോം നൽകുന്നു. പണമായോ ബാങ്ക് ട്രാൻസ്ഫർ ആയോ ആണ് വാടക അടക്കുന്നതെങ്കിൽ രസീത് വൗച്ചർ ഇഷ്യു ചെയ്യാൻ വാടകക്കാരന് അപേക്ഷ നൽകാൻ സാധിക്കും. ഈജാർ പ്ലാറ്റ്‌ഫോമിലെ ധനകാര്യ പട്ടിക വഴി വ്യൂ ഇൻവോയ്‌സസിൽ പ്രവേശിച്ച് അംഗീകാരത്തിനായി കെട്ടിട ഉടമക്ക് അയക്കുകയാണ് വേണ്ടതെന്ന് ഈജാർ പ്ലാറ്റ്‌ഫോം പറഞ്ഞു. വാടകക്കാരന്റെ പേരിൽ വാടക കുടിശ്ശിക രേഖപ്പെടുത്താതിരിക്കാൻ ഇ-രസീത് വൗച്ചർ ഇഷ്യു ചെയ്യണം.
സുരക്ഷിതവും എളുപ്പമാർന്നതും വഴക്കമാർന്നതുമായ പെയ്‌മെന്റ് ഓപ്ഷനുകൾ ഈജാർ പ്ലാറ്റ്‌ഫോം നൽകുന്നു. മാസ, പാദവർഷ, അർധ വർഷ, വാർഷിക അടിസ്ഥാനത്തിൽ വ്യത്യസ്ത പെയ്‌മെന്റ് രീതികളിൽ വാടക അടക്കാൻ സാധിക്കും.