റിയാദ്:റിയാദിൽ രണ്ടാം സീസൺ ഈത്തപ്പഴ പ്രദർശനത്തിന് തുടക്കമായി. റിയാദ് ഗവർണറേറ്റ്, നാഷണൽ സെന്റർ ഫോർ പാംസ് ആന്റ് ഡെയ്റ്റ്‌സ് എന്നിവയുടെയും വിവിധ സഹകരണ സംഘങ്ങളുടെയും സഹകരണത്തോടെ പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയമാണ് 60 ദിവസം നീളുന്ന പ്രദർശനം അൽറവാബിയിൽ സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം നാലു മുതൽ രാത്രി 11 വരെ നീളുന്ന മേളയിൽ അമ്പതിലധികം ഈത്തപ്പഴ ഫാമുകൾ പങ്കെടുക്കുന്നുണ്ട്.
റിയാദിലെ ഈത്തപ്പഴ വിൽപനയെ സജീവമാക്കുകയും കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ നേരിട്ട് മാർക്കറ്റിൽ വിൽപന നടത്താനുള്ള സൗകര്യമൊരുക്കുകയുമാണ് മേള കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയത്തിലെ കാർഷിക സഹകരണസംഘം സിഇഒ സുലൈമാൻ അൽജുഥൈലി അറിയിച്ചു.
ഇത്തരം ഈത്തപ്പഴ പ്രദർശന മേളകൾ എല്ലാ വർഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുമെന്ന് റിയാദ് കൃഷി മന്ത്രാലയ ശാഖ ഡയറക്ടർ ഫഹദ് അൽഹംസി അഭിപ്രായപ്പെട്ടു. വിദേശരാജ്യങ്ങളിലേക്ക് ഈത്തപ്പഴം കയറ്റുമതി ചെയ്യാനും കൂടുതൽ നിക്ഷേപം കൊണ്ടുവരാനും സഹായിക്കും. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാനും അവസരമുണ്ടാക്കും. അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയുടെ കാർഷിക ഉൽപാദനത്തിന്റെ 12 ശതമാനം ഈത്തപ്പനയാണ്. ഏഴര ബില്യൻ റിയാൽ വിപണിമൂല്യമുണ്ടിതിന്. 2021ൽ 12.15 ബില്യൻ റിയാലിന്റെ ഈത്തപ്പഴം കയറ്റുമതി ചെയ്ത് ലോകാടിസ്ഥാനത്തിൽ ഈത്തപ്പഴ കയറ്റുമതിയിൽ ഒന്നാമതെത്തി. രാജ്യത്തെ മൊത്തം ഉൽപാദനത്തിന്റെ 24 ശതമാനം അഥവാ നാലു ലക്ഷം ടൺ റിയാദിലാണ് ഉൽപാദിപ്പിക്കുന്നത്. സൗദിയിൽ ആകെ 33 മില്യൻ ഈത്തപ്പനകളുണ്ട്. ലോകാടിസ്ഥാനത്തിൽ ഈത്തപ്പനകൃഷിയുടെ 27 ശതമാനം വരുമിത്.