റിയാദ്:സൗദി അറേബ്യയില്‍ ഇതുവരെ ഇറക്കുമതി ചെയ്തത് 71209 ഇലക്ട്രിക് കാറുകളെന്ന് സകാത്ത് കസ്റ്റംസ് ടാക്‌സ് അതോറിറ്റി അറിയിച്ചു. ഈ വര്‍ഷം 711 കാറുകളാണ് ഇറക്കുമതി ചെയ്തത്. 2022ല്‍ 13958 കാറുകളും ഇറക്കുമതി ചെയ്തു.
ഈ വര്‍ഷം ഏറ്റവുമധികം ഇലക്ട്രിക് കാറുകളെത്തിയത് അമേരിക്കയില്‍ നിന്നാണ്. 465 എണ്ണം. ജര്‍മനിയില്‍ നിന്ന് 97 ഉം ചൈനയില്‍ നിന്ന് 49 ഉം ചെക്ക് റിപ്പബ്ലിക്കില്‍ നിന്ന് എട്ടും ഇറ്റലിയില്‍ നിന്ന ആറും തെക്കന്‍ കൊറിയയില്‍ നിന്ന മൂന്നും സ്‌പെയിനില്‍ നിന്ന് രണ്ടും കാറുകള്‍ സൗദിയിലെത്തി. കഴിഞ്ഞവര്‍ഷം ജപ്പാനില്‍ നിന്ന് 8547 ഉം അമേരിക്കയില്‍ നിന്ന് 4935 ഉം ചൈനയില്‍ നിന്ന് 154 ഉം ദക്ഷിണ കൊറിയയില്‍ നിന്ന് 126 ഉം തായ്‌വാനില്‍ നിന്ന് 110 ഉം ജര്‍മനിയില്‍ നിന്ന് 27 ഉം ഇറ്റലിയില്‍ നിന്ന് 21 ഉം സ്‌പെയിനില്‍ നിന്ന് 14 ഉം തായ്‌ലന്റില്‍ നിന്ന് 13 ഉം ഫ്രാന്‍സില്‍ നിന്ന് നാലും കാറുകള്‍ ഇറക്കുമതി ചെയ്തിരുന്നു. കാറുകളുടെ ക്ലിയറന്‍സിന് ഇറക്കുമതി കമ്പനികള്‍ സാബിര്‍ സര്‍ട്ടിഫിക്കറ്റും സിസിആര്‍ സര്‍ട്ടിഫിക്കറ്റും ഹാജറാക്കേണ്ടതുണ്ടെന്ന് സക്കാത്ത് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
സൗദിയില്‍ ഇലക്ട്രിക് കാറുകളുടെ ഉല്‍പാദനത്തിന് വ്യവസായ മന്ത്രാലയം നേരത്തെ സിയര്‍ കമ്പനിക്ക് ലൈസന്‍സ് നല്‍കിയിരുന്നു. കിംഗ് അബ്ദുല്ല ഇകണോമിക് സിറ്റിയിലെ വാദി സനയ്യയില്‍ പത്ത് ലക്ഷം ചതുരശ്ര മീറ്ററില്‍ കമ്പനിയുടെ വര്‍ക്ക്‌ഷോപ്പ് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ സിയര്‍ കമ്പനി പ്രസിഡന്റും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ചേര്‍ന്നാണ് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെയും ഫോക്‌സ്‌കോണിന്റെയും സംയുക്ത സംരംഭമായ ‘സിയര്‍’ കമ്പനി ലോഞ്ചിംഗ് പ്രഖ്യാപിച്ചത്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് സെഡാനുകളും എസ്‌യുവികളും രൂപകല്‍പ്പന ചെയ്യുന്നതിലാണ് ‘സിയര്‍’ പ്രവര്‍ത്തിക്കുന്നത്. കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് 2025ല്‍ ആദ്യ കാര്‍ പുറത്തിറങ്ങും. 562 മില്യന്‍ റിയാലിന്റെ നേരിട്ടുള്ള നിക്ഷേപം കൊണ്ടുവരാനും മുപ്പതിനായിരം പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരം ഉണ്ടാക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. 2034 ആകുമ്പോഴേക്കും രാജ്യത്തിന്റെ സമ്പദ് മേഖലയില്‍ സിയര്‍ കമ്പനിയുടെ വിഹിതം 30 ബില്യന്‍ റിയാല്‍ ആയി ഉയരുമെന്നാണ് പ്രതീക്ഷ.
അമ്പതിനായിരം ഇലക്ട്രിക് കാറുകള്‍ വാങ്ങാന്‍ 2022ല്‍ ലൂസിഡ് കമ്പനിയുമായി സൗദി അറേബ്യ കരാര്‍ ഒപ്പുവെച്ചിരുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ 100 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ സ്വിസ് കമ്പനിയായ ഐബിബിയുമായി സൗദി പെട്രോമിന്‍ കമ്പനി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ആറു രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 12 കമ്പനികള്‍ക്ക് 73 ഇനം ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ സൗദി അറേബ്യ അനുമതിയും നല്‍കിയിട്ടുണ്ട്.