ജിദ്ദ:തൊഴിൽ നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ 50 മുതൽ 90 ശതമാനം വരെ കുറക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപടികൾ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് തൊഴിൽ നിയമ ലംഘന, ശിക്ഷാ പട്ടികയിൽ വരുത്താനുദ്ദേശിക്കുന്ന ഭേദഗതികൾ പൊതുസമൂഹത്തിന്റെ അഭിപ്രായ നിർദേശങ്ങൾക്കായി പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമിൽ (ഇസ്തിത്‌ലാഅ്) മന്ത്രാലയം പരസ്യപ്പെടുത്തി. തൊഴിൽ നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകൾ സ്വകാര്യ സ്ഥാപനങ്ങളുടെ നടുവൊടിക്കുന്ന കാര്യം കണക്കിലെടുത്താണ് പിഴകൾ 90 ശതമാനം വരെ കുറക്കുന്നത്. വൈകാതെ ഇത് പ്രാബല്യത്തിൽവരും.
തൊഴിൽ ആരോഗ്യ, സുരക്ഷാ നിയമ, വ്യവസ്ഥകൾ പാലിക്കാത്തതിന് എ വിഭാഗം സ്ഥാപനങ്ങൾക്കുള്ള പിഴ 10,000 റിയാലിൽ നിന്ന് 5,000 റിയാലായും ബി വിഭാഗം സ്ഥാപനങ്ങൾക്കുള്ള പിഴ 5,000 റിയാലിൽ നിന്ന് 2,500 റിയാലായും സി വിഭാഗം സ്ഥാപനങ്ങൾക്കുള്ള പിഴ 2,500 റിയാലിൽ നിന്ന് 1,500 റിയാലായും കുറക്കും. തൊഴിലാളികൾ പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങൾ അടങ്ങിയ ബോർഡ് സ്ഥാപിക്കാതിരിക്കുന്നതിന് എ വിഭാഗം സ്ഥാപനങ്ങൾക്കുള്ള പിഴ 5,000 റിയാലിൽനിന്ന് 1,000 റിയാലായും ബി വിഭാഗം സ്ഥാപനങ്ങൾക്കുള്ള പിഴ 2,000 റിയാലിൽനിന്ന് 500 റിയാലായും സി വിഭാഗം സ്ഥാപനങ്ങൾക്കുള്ള പിഴ 1,000 റിയാലിൽനിന്ന് 300 റിയാലായും കുറക്കും.
മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തിലുള്ള കാലത്ത് മുൻകരുതൽ നടപടികൾ സ്വീകരിക്കാതെ വെയിലേൽക്കുന്ന നിലയിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിനും മോശം കാലാവസ്ഥയിൽ ജോലി ചെയ്യിക്കുന്നതിനും എല്ലാ വിഭാഗത്തിൽപെട്ട സ്ഥാപനങ്ങൾക്കുമുള്ള പിഴ 3,000 റിയാലിൽനിന്ന് 1,000 റിയാലായി കുറക്കും. ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താതിരിക്കുന്നതിന് എ വിഭാഗം സ്ഥാപനങ്ങൾക്കുള്ള പിഴ 10,000 റിയാലിൽനിന്ന് 1,000 റിയാലായും ബി വിഭാഗം സ്ഥാപനങ്ങൾക്കുള്ള പിഴ 5,000 റിയാലിൽ നിന്ന് 500 റിയാലായും സി വിഭാഗം സ്ഥാപനങ്ങൾക്കുള്ള പിഴ 3,000 റിയാലിൽ നിന്ന് 300 റിയാലായി കുറക്കാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടികളെ ജോലിക്കു വെക്കുന്നതിന് എ വിഭാഗം സ്ഥാപനങ്ങൾക്കുള്ള പിഴ 20,000 റിയാലിൽനിന്ന് 2,000 റിയാലായും പ്രസവം നടന്ന് ആറാഴ്ചക്കകം വനിതാ ജീവനക്കാരെ ജോലിക്കു വെക്കുന്നതിനുള്ള പിഴ 10,000 റിയാലിൽനിന്ന് 1,000 റിയാലായും കുറക്കും.
സൗദി വനിതകൾക്കു മാത്രമായി പരിമിതപ്പെടുത്തിയ തൊഴിലുകളിൽ സൗദി പുരുഷ ജീവനക്കാരെ നിയമിക്കുന്നതിന് എല്ലാ വിഭാഗം സ്ഥാപനങ്ങൾക്കും 1,000 റിയാലാണ് പിഴ ചുമത്തുക. നിലവിൽ ഈ നിയമ ലംഘനത്തിന് എ വിഭാഗം സ്ഥാപനങ്ങൾക്ക് 10,000 റിയാലും ബി വിഭാഗം സ്ഥാപനങ്ങൾക്ക് 5,000 റിയാലും സി വിഭാഗം സ്ഥാപനങ്ങൾക്ക് 2,500 റിയാലുമാണ് പിഴ ചുമത്തുന്നത്. തൊഴിൽ വിസകളും മറ്റു സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കാൻ മന്ത്രാലയത്തിന് തെറ്റായ വിവരങ്ങൾ സമർപ്പിക്കുന്നതിനുള്ള പിഴ 20,000 റിയാലിൽനിന്ന് 3,000 റിയാലായി കുറക്കും.
നിലവിലുള്ള ജീവനക്കാർക്കിടയിലോ പുതുതായി തൊഴിലന്വേഷിച്ച് സമീപിക്കുന്നവർക്കിടയിലോ എന്തെങ്കിലും തരത്തിലുള്ള വിവേചനങ്ങൾ കാണിക്കുന്നതിന് എ വിഭാഗം സ്ഥാപനങ്ങൾക്കുള്ള പിഴ 10,000 റിയാലിൽ നിന്ന് 3,000 റിയാലായും ബി വിഭാഗം സ്ഥാപനങ്ങൾക്കുള്ള പിഴ 5,000 റിയാലിൽ നിന്ന് 2,000 റിയാലായും സി വിഭാഗം സ്ഥാപനങ്ങൾക്കുള്ള പിഴ 2,500 റിയാലിൽ നിന്ന് 1,000 റിയാലായും കുറക്കും. സൗദിവൽക്കരിച്ച തൊഴിലുകളിൽ വിദേശികളെ നിയമിക്കൽ, നിശ്ചിത ശതമാനം സൗദിവൽക്കരണം പാലിക്കാതിരിക്കൽ, വ്യാജ സൗദിവൽക്കരണം എന്നീ നിയമ ലംഘനങ്ങൾക്ക് എ വിഭാഗം സ്ഥാപനങ്ങൾക്കുള്ള പിഴ 20,000 റിയാലിൽ നിന്ന് 8,000 റിയാലായും ബി വിഭാഗം സ്ഥാപനങ്ങൾക്കുള്ള പിഴ 10,000 റിയാലിൽ നിന്ന് 4,000 റിയാലായും സി വിഭാഗം സ്ഥാപനങ്ങൾക്കുള്ള പിഴ 5,000 റിയാലിൽ നിന്ന് 2,000 റിയാലായും കുറക്കും.
കൃത്യസമയത്ത് തൊഴിലാളികളുടെ വേതനം ബാങ്ക് അക്കൗണ്ടുകൾ വഴി വിതരണം ചെയ്യാതിരിക്കുന്നതിന് എല്ലാ വിഭാഗം സ്ഥാപനങ്ങൾക്കുമുള്ള പിഴകൾ 300 റിയാലായി കുറക്കും. നിലവിൽ ഈ നിയമ ലംഘനത്തിന് എ വിഭാഗം സ്ഥാപനങ്ങൾക്ക് 5,000 റിയാലും ബി വിഭാഗം സ്ഥാപനങ്ങൾക്ക് 3,000 റിയാലും സി വിഭാഗം സ്ഥാപനങ്ങൾക്ക് 2,000 റിയാലുമാണ് പിഴ ചുമത്തുന്നത്.
നിർദിഷ്ട ഭേദഗതികൾ, തൊഴിൽ നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകൾ 60 ദിവസത്തിനകം അടക്കൽ നിർബന്ധമാക്കുന്നു. 60 ദിവസത്തിനകം പിഴ അടക്കാത്ത പക്ഷം പിഴ അടക്കുന്നതു വരെയുള്ള കാലത്തേക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ നിയമ ലംഘകന് നിർത്തിവെക്കും. നിയമ ലംഘനത്തിന് പിഴ ചുമത്തിയുള്ള തീരുമാനം അറിയിച്ച് 60 ദിവസത്തിനകം തൊഴിലുടമകൾ അപ്പീൽ നൽകിയിരിക്കണം. 60 ദിവസം പിന്നിട്ട ശേഷം അപ്പീൽ നൽകാൻ കഴിയില്ല.
50 ഉം അതിൽ കൂടുതലും ജീവനക്കാരുള്ള സ്ഥാപനങ്ങൾ എ വിഭാഗത്തിലും 21 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ബി വിഭാഗത്തിലും ഇരുപതും അതിൽ കുറവും ജീവനക്കാരുള്ള സ്ഥാപനങ്ങൾ സി വിഭാഗത്തിലുമാണ് ഉൾപ്പെടുന്നത്.