ജിദ്ദ – സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് ഉടമസ്ഥാവകാശ പങ്കാളിത്തമുള്ള അമേരിക്കൻ ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ലൂസിഡ് മോട്ടോഴ്‌സ് അടുത്ത മാസം ജിദ്ദയിൽ കാർ അസംബ്ലി പ്ലാന്റ് ഉദ്ഘാടനം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. അമേരിക്കയിലെ അരിസോണയിലെ ഫാക്ടറിയിൽ നിർമിക്കുന്ന കാർ ഭാഗങ്ങൾ ജിദ്ദയിലെ പ്ലാന്റിലെത്തിച്ച് അസംബ്ലി ചെയ്ത് മേഖലാ രാജ്യങ്ങളിൽ വിതരണം നടത്തുകയാണ് ചെയ്യുക.
സൗദി ഗവൺമെന്റ് വകുപ്പുകൾക്കുള്ള കാറുകൾ ഈ വർഷം തന്നെ വിതരണം ചെയ്തു തുടങ്ങുമെന്ന് ലൂസിഡ് മോട്ടോഴ്‌സ് കമ്പനി പറഞ്ഞു. തുടക്കത്തിൽ പ്രതിവർഷം 5,000 ഇലക്ട്രിക് കാറുകൾ വീതമാണ് ജിദ്ദ പ്ലാന്റിൽ നിർമിക്കുക. 2026 ഓടെ പ്രതിവർഷം ഒന്നര ലക്ഷം കാറുകൾ കമ്പനി ജിദ്ദ പ്ലാന്റിൽ നിർമിക്കും. നേരത്തെ സർക്കാർ വകുപ്പുകളുടെ ഉപയോഗത്തിന് സൗദി ഗവൺമെന്റ് ലൂസിഡ് കാറുകൾക്ക് വലിയ ഓർഡർ നൽകിയിരുന്നു.