ജിദ്ദ – തൊഴിൽ നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകൾ 60 ദിവസത്തിനകം അടക്കൽ നിർബന്ധമാക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കം. ഇതുമായി ബന്ധപ്പെട്ട് തൊഴിൽ നിയമ ലംഘന, ശിക്ഷാ പട്ടികയിൽ ഭേദഗതികൾ വരുത്താൻ മന്ത്രാലയം ആലോചിക്കുന്നു. ഇതനുസരിച്ച് നിയമ ലംഘനത്തിന് പിഴ ചുമത്തിയുള്ള തീരുമാനം അറിയിച്ച് 60 ദിവസത്തിനകം തൊഴിലുടമകൾ അപ്പീൽ നൽകൽ നിർബന്ധമാണ്. പിഴ ചുമത്താനുള്ള തീരുമാനം അറിയിച്ച് 60 ദിവസത്തിനകം പിഴ അടക്കലും നിർബന്ധമാണ്. 60 ദിവസത്തിനകം പിഴ അടക്കാത്ത പക്ഷം പിഴ അടക്കുന്നതു വരെയുള്ള കാലത്തേക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ നിയമ ലംഘകന് നിർത്തിവെക്കും.
ബന്ധപ്പെട്ട അഡ്മിനിസ്‌ട്രേറ്റീവ് കോടതിയിൽ അപ്പീൽ നൽകുന്നതിലൂടെ പിഴ വസൂലാക്കുന്നത് നിർത്തിവെക്കില്ല. ശിക്ഷ നിർത്തിവെക്കണമെന്ന് കോടതി വിധിച്ചാൽ മാത്രമാണ് പിഴ ഈടാക്കുന്നത് നിർത്തിവെക്കുക. തൊഴിൽ നിയമ ലംഘന, ശിക്ഷാ പട്ടികയിൽ വരുത്താനുദ്ദേശിക്കുന്ന ഭേദഗതികൾ പൊതുസമൂഹത്തിന്റെ അഭിപ്രായ നിർദേശങ്ങൾക്കായി പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമിൽ (ഇസ്തിത്‌ലാഅ്) മന്ത്രാലയം പരസ്യപ്പെടുത്തിയിട്ടുണ്ട്.