ജിദ്ദ – പുതിയ അധ്യയന വർഷത്തിൽ ഒമ്പതു സാഹചര്യങ്ങളിൽ സ്‌കൂളുകളിൽ റെഗുലർ ക്ലാസുകൾക്കു പകരം ഓൺലൈൻ ക്ലാസുകളാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ ബന്ധപ്പെട്ട വകുപ്പ് അറിയിച്ചു. കനത്ത മഴ, പകർച്ചവ്യാധികൾ, സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ഔദ്യോഗിക സന്ദർശനങ്ങൾ, ആഗോള സംഭവങ്ങൾ, സ്‌കൂൾ കെട്ടിടത്തിൽ നടത്തുന്ന വികസന ജോലികൾ, വൈദ്യുതി സ്തംഭനം, സ്‌കൂൾ കെട്ടിടത്തിൽ വെള്ളം മുടങ്ങൽ, അഗ്നിബാധ, സ്‌കൂൾ കെട്ടിടം ഭാഗികമായി തകരൽ എന്നീ സാഹചര്യങ്ങളിലാണ് റെഗുലർ ക്ലാസുകൾക്കു പകരം ഓൺലൈൻ ക്ലാസുകൾ നടത്തുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ സ്റ്റഡി സസ്‌പെൻഷൻ വകുപ്പ് അറിയിച്ചു.
വിദ്യാർഥികളുടെ സുരക്ഷ കാത്തുസൂക്ഷിക്കാനും വിദ്യാഭ്യാസ പ്രക്രിയയുടെ തുടർച്ച ഉറപ്പാക്കാനും ഒരു കാരണവശാലും വിദ്യാഭ്യാസ പ്രക്രിയ തടസ്സപ്പെടാതിരിക്കാനും വേണ്ടിയാണ് പ്രത്യേക സാഹചര്യങ്ങളിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പുകൾ റെഗുലർ ക്ലാസുകൾക്കു പകരം ഓൺലൈൻ ക്ലാസുകൾ നടത്താൻ തീരുമാനമെടുക്കുക.