ജിദ്ദ- സൗദി അധ്യാപികയെ കോടതി രക്ഷാകർതൃത്വത്തിൽ ഏഷ്യൻ വംശജന് വിവാഹം ചെയ്തുകൊടുക്കാൻ ജിദ്ദ സിവിൽ അഫയേഴ്‌സ് കോടതി തീരുമാനിച്ചു. പിതാവും കുടുംബാംഗങ്ങളും തന്നെ വിവാഹം കഴിച്ചയക്കാൻ വിസമ്മതിക്കുന്നതായി പരാതിപ്പെട്ടാണ് 39 കാരിയായ അധ്യാപിക സിവിൽ കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ പത്തിലേറെ യുവാക്കൾ തന്നെ വിവാഹമന്വേഷിച്ച് കുടുംബത്തെ സമീപിച്ചിരുന്നെങ്കിലും കുടുംബ മഹിമക്ക് ചേർന്ന ബന്ധങ്ങളല്ലെന്ന് പറഞ്ഞ് പിതാവും കുടുംബാംഗങ്ങളും ഇവയെല്ലാം നിരാകരിക്കുകയായിരുന്നു.
എറ്റവുമൊടുവിൽ സൗദിയിൽ ജനിച്ച് വളർന്ന് ഉന്നത തസ്തികയിൽ ജോലി ചെയ്യുന്ന, സൽസ്വഭാവിയായ ഏഷ്യൻ വംശജനാണ് തന്നെ വിവാഹമന്വേഷിച്ചത്.
ഈ യുവാവ് രണ്ടു തവണ വിവാഹാലോചനയുമായി കുടുംബത്തെ സമീപിച്ചെങ്കിലും അവർ നിരാകരിക്കുകയായിരുന്നു. ഏഷ്യൻ വംശജനെ വിവാഹം കഴിക്കാൻ താൻ ആഗ്രഹിക്കുന്നതായും യുവതി കോടതിയെ അറിയിച്ചു.
മകളെ വിവാഹമന്വേഷിച്ച ഏഷ്യൻ വംശജൻ നല്ല സാമ്പത്തിക ശേഷിയുള്ള വ്യക്തിയാണെങ്കിലും വിദേശിക്ക് മകളെ വിവാഹം ചെയ്തുകൊടുക്കാൻ കുടുംബം ആഗ്രഹിക്കുന്നില്ലെന്ന് കോടതിയിൽ പറഞ്ഞ സൗദി പൗരൻ മകളുടെ പരാതി തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടു.
ഇരു വിഭാഗത്തിന്റെയും വാദങ്ങൾ കേട്ട കോടതിക്ക് പരാതിക്കാരിയായ യുവതിയുടെ വിവാഹം നടത്താൻ കുടുംബം തയാറല്ല എന്ന കാര്യം ബോധ്യപ്പെട്ടതിനെ തുടർന്നാണ് യുവതിയുടെ വിവാഹം നടത്താനുള്ള രക്ഷാകർതൃ ചുമതല പിതാവിൽനിന്ന് എടുത്തു കളഞ്ഞ് ജഡ്ജിയുടെ പേരിലേക്ക് മാറ്റിയത്.
വിദേശിയുമായുള്ള വിവാഹത്തിന് ആഭ്യന്തര മന്ത്രാലയം ബാധകമാക്കിയ വ്യവസ്ഥകൾ പരാതിക്കാരി പാലിക്കണമെന്നും കോടതി നിർദേശിച്ചു.