റിയാദ്:സൗദിയില്‍ ഭക്ഷ്യ വസ്തുക്കളുടെ വാര്‍ഷിക വില്പന 4.1 ശതമാനം വളര്‍ച്ച നേടി 2025 ഓടെ 166 ബില്യണ്‍ റിയാല്‍ വിറ്റുവരവെന്ന നേട്ടം കൈവരിക്കുമെന്ന് സൗദി ഇന്‍വെസ്റ്റിംഗ് സൂചിക. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഷോപ്പിംഗ് സെന്ററുകളുള്ളത് മദീനയിലാണ്. മക്കയുമായി ഏറെ സാമ്യമുള്ള പുണ്യനഗരിയും സാമൂഹ്യ ഘടനയുമാണെങ്കിലും മക്കയിലേതിനേക്കാള്‍ 32 ശതമാനം ഷോപ്പിംഗ് സെന്ററുകള്‍ മദീനയില്‍ കൂടുതലായുണ്ട്. ചില്ലറ വില്പന മേഖലയില്‍ പുണ്യ നഗരങ്ങളായ മക്കയും മദീനയും വലിയ കുതിച്ചു ചാട്ടത്തിനാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഇരു നഗരങ്ങളിലും സാംസ്കാരികമായും സാമൂഹികമായും സാമ്പത്തികമായും വൈവിദ്ധ്യം പുലര്‍ത്തുന്ന ആളുകളുടെ സാന്നിദ്ധ്യവും ഹാജിമാരുടെ ഒഴുക്കുമാണ് ഇതിനു പിന്നിലുള്ള കാരണമെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഹജ്, ഉംറ തീര്‍ഥാടകരില്‍ ഭൂരിഭാഗവും അവര്‍ ബുക്ക് ചെയ്യുന്ന പാക്കേജുകള്ക്കനുസരിച്ചുള്ള ഭക്ഷണമാണ് ഉപയോഗിക്കുന്നതെങ്കിലും ഇരു നഗരങ്ങളിലെയും ഭക്ഷണശാലകളില്‍ ഹാജിമാര്‍ ധാരാളമായി എത്തുന്നുണ്ട്. പുണ്യ നഗരങ്ങളില്‍നിന്ന് ഷോപ്പിംഗ് നടത്തുന്നതിനെക്കുറിച്ചുള്ള ചിലരുടെ കാഴ്ചപ്പാടും അന്താരാഷ്ട്ര ട്രേഡ് മാര്‍ക്കുള്ള ഉല്പന്നങ്ങള് വരെ ഇവിടെനിന്ന് വാങ്ങാന്‍ തീര്‍ഥാടകര്‍ക്ക് പ്രോത്സാഹനമാകുന്നുവെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.