ജിദ്ദ – അറബ് ലോകത്ത് സ്ഥിരീകരിക്കപ്പെട്ട എണ്ണ ശേഖരം കഴിഞ്ഞ വർഷം 0.3 ശതമാനം തോതിൽ ഉയർന്നു. കഴിഞ്ഞ വർഷാവസാനത്തോടെ അറബ് ലോകത്തെ എണ്ണ ശേഖരം 728.7 ബില്യൺ ബാരലാണ്. 2021 അവസാനത്തിൽ ഇത് 726.7 ബില്യൺ ബാരലായിരുന്നു. ഒരു വർഷത്തിനിടെ എണ്ണ ശേഖരത്തിൽ രണ്ടു ബില്യൺ ബാരലിന്റെ വർധന രേഖപ്പെടുത്തി. ലോകത്തെ ആകെ എണ്ണ ശേഖരത്തിന്റെ 46.6 ശതമാനം അറബ് രാജ്യങ്ങളിലാണ്.
അറബ് ലോകത്ത് ഏറ്റവുമധികം എണ്ണ ശേഖരമുള്ളത് സൗദിയിലാണ്. സൗദിയിൽ 267.2 ബില്യൺ ബാരൽ എണ്ണ ശേഖരമുണ്ട്. അറബ് ലോകത്തെ ആകെ എണ്ണ ശേഖരത്തിന്റെ 36.7 ശതമാനം സൗദിയിലാണ്. രണ്ടാം സ്ഥാനത്തുള്ള ഇറാഖിൽ 145 ഉം മൂന്നാം സ്ഥാനത്തുള്ള യു.എ.ഇയിൽ 113 ഉം നാലാം സ്ഥാനത്തുള്ള കുവൈത്തിൽ 101.5 ഉം അഞ്ചാം സ്ഥാനത്തുള്ള ലിബിയയിൽ 48.4 ഉം ആറാം സ്ഥാനത്തുള്ള ഖത്തറിൽ 25.2 ഉം ഏഴാം സ്ഥാനത്തുള്ള അൾജീരിയയിൽ 12.2 ഉം എട്ടാം സ്ഥാനത്തുള്ള ഒമാനിൽ 5.4 ഉം സുഡാനിൽ അഞ്ചും ഈജിപ്തിൽ 3.3 ഉം സിറിയയിൽ 2.5 ഉം ബില്യൺ ബാരൽ എണ്ണ ശേഖരമുണ്ട്. അറബ് ലോകത്തെ ആകെ എണ്ണ ശേഖരത്തിന്റെ 19.9 ശതമാനം ഇറാഖിലും 15.5 ശതമാനം യു.എ.ഇയിലും 13.9 ശതമാനം കുവൈത്തിലുമാണ്.
മധ്യപൗരസ്ത്യദേശത്ത് സ്ഥിരീകരിക്കപ്പെട്ട ആകെ എണ്ണ ശേഖരത്തിന്റെ 30.7 ശതമാനവും ഒപെക് രാജ്യങ്ങളുടെ എണ്ണ ശേഖരത്തിന്റെ 21.5 ശതമാനവും സൗദിയിലാണ്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ 871.6 ബില്യൺ ബാരലും ഒപെക് രാജ്യങ്ങളിൽ 1.244 ട്രില്യൺ ബാരലും എണ്ണ ശേഖരമാണുള്ളത്.
ലോകത്ത് ഏറ്റവുധികം എണ്ണ ശേഖരമുള്ള രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യ. ലോകത്തെ ആകെ എണ്ണ ശേഖരത്തിന്റെ 17.1 ശതമാനം സൗദിയിലാണ്. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം ലോകത്ത് 1.564 ട്രില്യൺ ബാരൽ എണ്ണ ശേഖരമാണുള്ളത്. ലോകത്ത് ഏറ്റവുമധികം എണ്ണ ശേഖരമുള്ളത് വെനിസ്വേലയിലാണ്. ഇവിടെ 303.2 ബില്യൺ ബാരൽ എണ്ണ ശേഖരമുണ്ട്. ലോകത്തെ എണ്ണ ശേഖരത്തിന്റെ 19.4 ശതമാനം വെനിസ്വേലയിലാണ്.
കഴിഞ്ഞ വർഷം ലോകത്തെ ആകെ എണ്ണ ശേഖരം 1.2 ശതമാനം തോതിൽ വർധിച്ചു. എണ്ണ ശേഖരത്തിൽ 17.3 ബില്യൺ ബാരലിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. അമേരിക്കയുടെ എണ്ണ ശേഖരത്തിൽ കഴിഞ്ഞ വർഷം 14.1 ബില്യൺ ബാരലിന്റെ വർധന രേഖപ്പെടുത്തി. ഇതിന്റെ ഫലമായി ലിബിയയെ പിന്തള്ളി ലോകത്ത് ഏറ്റവുമധികം എണ്ണ ശേഖരമുള്ള എട്ടാമത്തെ രാജ്യമായി അമേരിക്ക മാറി.
മധ്യപൗരസ്ത്യദേശത്തെ എണ്ണ ശേഖരം കഴിഞ്ഞ വർഷം 0.2 ശതമാനം (200 കോടി ബാരൽ) തോതിൽ ഉയർന്നു. യു.എ.ഇയുടെ എണ്ണ ശേഖരത്തിലാണ് കഴിഞ്ഞ വർഷം രണ്ടു ബില്യൺ ബാരലിന്റെ വർധന രേഖപ്പെടുത്തിയത്. ലോകത്ത് ഏറ്റവുധികം എണ്ണ ശേഖരമുള്ള പത്തു രാജ്യങ്ങളിൽ പകുതിയും അറബ് രാജ്യങ്ങളാണ്. പത്തു രാജ്യങ്ങളിൽ ആകെ 1.359 ട്രില്യൺ ബാരൽ എണ്ണ ശേഖരമുണ്ട്. ലോകത്തെ ആകെ എണ്ണ ശേഖരത്തിന്റെ 86.9 ശതമാനവും ഈ രാജ്യങ്ങളിലാണ്. സൗദി അറേബ്യ, ഇറാഖ്, യു.എ.ഇ, കുവൈത്ത്, ലിബിയ എന്നിവയാണ് ലോകത്തെ ഏറ്റവും വലിയ എണ്ണയുൽപാദക രാജ്യങ്ങളുടെ പട്ടികയിൽ പെട്ട അറബ് രാജ്യങ്ങൾ. വെനിസ്വേലക്കും സൗദി അറേബ്യക്കും പിന്നിൽ ലോകത്ത് ഏറ്റവുമധികം എണ്ണ ശേഖരമുള്ള മൂന്നാമത്തെ രാജ്യമായ ഇറാനിൽ 208.6 ബില്യൺ ബാരൽ ശേഖരമുണ്ട്. ലോകത്തെ ആകെ എണ്ണ ശേഖരത്തിന്റെ 13.3 ശതമാനം ഇറാനിലാണ്. നാലാം സ്ഥാനത്തുള്ള ഇറാഖിൽ 145 ഉം അഞ്ചാം സ്ഥാനത്തുള്ള യു.എ.ഇയിൽ 113 ഉം ആറാം സ്ഥാനത്തുള്ള കുവൈത്തിൽ 101.5 ഉം ഏഴാം സ്ഥാനത്തുള്ള റഷ്യയിൽ 80 ഉം എട്ടാം സ്ഥാനത്തുള്ള അമേരിക്കയിൽ 55.3 ഉം ഒമ്പതാം സ്ഥാനത്തുള്ള ലിബിയയിൽ 48.4 ഉം പത്താം സ്ഥാനത്തുള്ള നൈജീരിയയിൽ 37 ഉം ബില്യൺ ബാരൽ എണ്ണ ശേഖരമുണ്ട്. പരമ്പരാഗത എണ്ണ ശേഖരത്തിന്റെ കണക്കുകളാണിത്. ഷെയിൽ ഓയിൽ ഇതിൽ ഉൾപ്പെടില്ല. ഇതാണ് എണ്ണ ശേഖരമുള്ള പ്രധാന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് കാനഡ പുറത്താകാൻ കാരണം. കാനഡയിലെ എണ്ണ ശേഖരത്തിന്റെ ഭൂരിഭാഗവും ഷെയിൽ ഓയിലാണ്