ജിദ്ദ:ട്രെയിൻ സർവീസിന്റെ ഏഴു ദിവസത്തിലധികം മുമ്പ് ടിക്കറ്റിൽ മാറ്റം വരുത്തുന്നതിന് പ്രത്യേക ഫീസ് ബാധകമല്ലെന്നും ഇത് സൗജന്യമാണെന്നും സൗദി അറേബ്യ റെയിൽവെയ്സ് അറിയിച്ചു. ബിസിനസ് ക്ലാസിൽ നിന്ന് ഇക്കോണമി ക്ലാസിലേക്ക് ടിക്കറ്റ് മാറ്റൽ, യാത്ര സമയം മാറ്റൽ, ഇറങ്ങേണ്ട സ്റ്റേഷനിൽ മാറ്റം വരുത്തൽ എന്നിവക്കെല്ലാം ഇത് ബാധകമാണ്. ഏഴു ദിവസത്തിൽ കുറവ് മുമ്പു മുതൽ 24 മണിക്കൂർ മുമ്പു വരെയുള്ള സമയത്താണ് ടിക്കറ്റിൽ മാറ്റം വരുത്തുന്നതെങ്കിൽ ടിക്കറ്റ് നിരക്കിന്റെ പത്തു ശതമാനം ഫീസ് നൽകണം. യാത്രാ സമയത്തിന്റെ 24 മണിക്കൂർ മുമ്പു മുതൽ രണ്ടു മണിക്കൂർ മുമ്പു വരെയുള്ള സമയത്താണ് ടിക്കറ്റിൽ മാറ്റം വരുത്തുന്നതെങ്കിൽ ടിക്കറ്റ് നിരക്കിന്റെ 20 ശതമാനത്തിന് തുല്യമായ തുക ഫീസ് നൽകണം.
യാത്രാ സയത്തിന്റെ രണ്ടു മണിക്കൂർ മുമ്പു മുതൽ ഒരു മണിക്കൂർ മുമ്പു വരെയുള്ള സമയത്താണ് ടിക്കറ്റിൽ മാറ്റം വരുത്തുന്നതെങ്കിൽ ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം ഫീസ് നൽകണം. യാത്രാ സമയത്തിന്റെ ഒരു മണിക്കൂറിൽ കുറവ് സമയം മുമ്പാണെങ്കിൽ ടിക്കറ്റിൽ ഒരുവിധ മാറ്റവും അനുവദിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ ടിക്കറ്റ് ഉപയോഗിക്കാത്ത പക്ഷം പണമൊന്നും തിരികെ ലഭിക്കില്ലെന്നും സൗദി അറേബ്യ റെയിൽവെയ്സ് വ്യക്തമാക്കി.
സർവീസിന്റെ ഏഴു ദിവസത്തിലധികം മുമ്പ് ടിക്കറ്റ് റദ്ദാക്കുന്ന പക്ഷം ടിക്കറ്റ് നിരക്കിന്റെ പത്തു ശതമാനം പിടിക്കും. ഏഴു ദിവസത്തിൽ കുറവ് മുമ്പു മുതൽ 24 മണിക്കൂർ മുമ്പു വരെയുള്ള സമത്താണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം കട്ട് ചെയ്യും. ട്രെയിൻ സർവീസിന്റെ ഇരുപത്തിനാലു മണിക്കൂറിൽ കുറവ് സമയം മുമ്പാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ ടിക്കറ്റ് തുക പൂർണമായും കട്ട് ചെയ്യും. സൗദി അറേബ്യ റെയിൽവെയ്സിന്റെ വെബ്സൈറ്റും ആപ്പും റെയിൽവെ സ്റ്റേഷനുകളിലെ ടിക്കറ്റ് വിൽപന ഓഫീസുകളും വഴി ബുക്കിംഗ് റദ്ദാക്കാവുന്നതാണെന്നും സൗദി അറേബ്യ റെയിൽവെയ്സ് പറഞ്ഞു.