റിയാദ്- സൗദി ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റിന്റെ സഹായത്തോടെ സ്ഥാപിച്ച പാകിസ്ഥാനിലെ ആസാദ് ജമ്മു ആന്‍ഡ് കാശ്മീര്‍ യൂണിവേഴ്‌സിറ്റിയുടെ കിംഗ് അബ്ദുല്ല കാമ്പസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഡി വഴി സൗദി അറേബ്യ നല്‍കിയ 90 മില്യണ്‍ ഡോളര്‍ ഗ്രാന്റ് വഴിയാണ് കിംഗ് അബ്ദുല്ല കാമ്പസ് യാഥാര്‍ഥ്യമായത്.
ആസാദ് ജമ്മു & കശ്മീര്‍ പ്രസിഡന്റ് സുല്‍ത്താന്‍ മെഹ്മൂദ് ചൗധരിയുടെ സാന്നിധ്യത്തില്‍ എസ്എഫ്ഡിയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഏഷ്യ ഓപ്പറേഷന്‍സ് ഡോ. സൗദ് ബിന്‍ അയ്ദ് അല്‍ഷമാരിയാണ് പദ്ധതി കമ്മീഷന്‍ ചെയ്തത്. ഉദ്ഘാടന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊഫസര്‍ ഡോ. മുഖ്താര്‍ അഹമ്മദ്, ആസാദ് ജമ്മു കശ്മീര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഡോ. മുഹമ്മദ് കലീം അബ്ബാസി എന്നിവരും ഇരുവിഭാഗങ്ങളിലെയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
15 അക്കാദമിക് ഡിപ്പാര്‍ട്ട്‌മെന്റുകളും അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കുകള്‍, താമസസൗകര്യം, ലൈബ്രറി, മോസ്‌ക്, അത്യാധുനിക ഓഡിറ്റോറിയം, മറ്റ് അവശ്യ സൗകര്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു അത്യാധുനിക സൗകര്യമാണ് കിംഗ് അബ്ദുല്ല കാമ്പസ്. പാക്കിസ്ഥാന്റെ സുസ്ഥിരമായ സാമൂഹികസാമ്പത്തിക വികസനത്തെ പിന്തുണക്കാന്‍ സഹായിക്കുന്നതോടൊപ്പം അത്യാധുനിക ഗവേഷണവും വിദ്യാഭ്യാസ അവസരങ്ങളും നല്‍കുന്ന പുതിയ കാമ്പസില്‍നിന്ന് 10,000ത്തിലധികം വിദ്യാര്‍ത്ഥികള്‍, ഫാക്കല്‍റ്റി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.