റിയാദ്:ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക ജോലിക്കാരെ ഒളിച്ചോടി (ഹുറൂബ്)യതായി സ്‌പോണ്‍സര്‍മാര്‍ രജിസ്റ്റര്‍ ചെയ്താല്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം നടക്കില്ലെന്ന് മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. പുതിയ തൊഴിലുടമയുടെ അടുത്തേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് തൊഴിലാളിയുടെ സ്റ്റാറ്റസ് വാലിഡ് ഗണത്തില്‍പെട്ടതായിരിക്കണം. പഴയ സ്‌പോണ്‍സറുടെ സമ്മതവും ആവശ്യമാണ്. മുസാനിദ് വഴി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം ഓഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തിലായതായി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിരുന്നു.
രജിസ്റ്റര്‍ ചെയ്ത് 15 ദിവസത്തിനുള്ളില്‍ ജവാസാത്ത് ഡയറക്ടറേറ്റ് വഴി ഹുറൂബ് നീക്കാവുന്നതാണ്. ഹുറൂബ് നീക്കിയാല്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം സാധ്യമാകും. അല്ലാത്ത പക്ഷം യാതൊരുനിലക്കും സ്‌പോണ്‍സര്‍ഷിപ്പ് മാറാനാവില്ല. 15 ദിവസത്തിനകം നീക്കാനായില്ലെങ്കില്‍ സ്‌പോണ്‍സര്‍ ജവാസാത്തില്‍ നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കണം. ഹുറൂബ് നീങ്ങിയില്ലെങ്കില്‍ നാടുകടത്തല്‍ കേന്ദ്രം (തര്‍ഹീല്‍) വഴി നാട്ടിലേക്ക് പോകേണ്ടിവരും.