ജിദ്ദ:ഗാർഹിക തൊഴിലാളികളുടെ സ്പോൺസർഷിപ്പ് കൈമാറ്റ നിരക്കുകൾ 10,000 റിയാൽ മുതലാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ വക്താവ് മുഹമ്മദ് അൽരിസ്ഖി വ്യക്തമാക്കി. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള വേലക്കാരുടെ സ്‌പോൺസർഷിപ്പ് കൈമാറ്റ നിരക്കുകൾ മന്ത്രാലയം പ്രത്യേകം നിർണയിച്ചിട്ടുണ്ടെന്നും മുഹമ്മദ് അൽരിസ്ഖി പറഞ്ഞു.
ഹുറൂബാക്കിയ ഗാർഹിക തൊഴിലാളിയുടെ സ്‌പോൺസർഷിപ്പ് മാറ്റാൻ സാധിക്കില്ലെന്ന് മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. സ്‌പോൺസർഷിപ്പ് മാറ്റത്തിന് തൊഴിലാളിയുടെ പേരിൽ ഹുറൂബ് (തൊഴിൽ സ്ഥലത്തു നിന്ന് ഒളിച്ചോടൽ) പരാതി ഉണ്ടാകാൻ പാടില്ല. സ്‌പോൺസർഷിപ്പ് മാറ്റ നടപടികൾ പൂർത്തിയാക്കാൻ തൊഴിലുടമയുടെ സമ്മതം നിർബന്ധമാണെന്നും മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി.
വ്യക്തിഗത സ്‌പോൺസർമാർക്കു കീഴിലെ ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റ സേവനം കഴിഞ്ഞ ദിവസം മുതൽ ഓൺലൈൻവൽക്കരിച്ചിട്ടുണ്ട്. മുസാനിദ് പ്ലാറ്റ്‌ഫോം വഴിയാണ് ഈ സേവനം നൽകുന്നത്. കച്ചവട ചരക്കുകൾ എന്നോണം ഭീമമായ തുകക്ക് വിലപേശലുകൾ നടത്തി ഗാർഹിക തൊഴിലാളികളുടെ റിലീസ് കൈമാറുന്നത് അടക്കമുള്ള നിഷേധാത്മക പ്രവണതകൾ അവസാനിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ് പുതിയ സേവനം നടപ്പാക്കിയിരിക്കുന്നത്. വൻതുക നിശ്ചയിച്ച് വേലക്കാരുടെ സ്‌പോൺസർഷിപ്പ് കൈമാറ്റത്തിനുള്ള സന്നദ്ധത ചില തൊഴിലുടമകൾ സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും പരസ്യപ്പെടുത്തുന്നുണ്ട്.
ഗാർഹിക തൊഴിലാളി മേഖല വികസിപ്പിക്കാനും റിക്രൂട്ട്‌മെന്റ് ഗുണനിലവാരം ഉയർത്താനും അവകാശങ്ങൾ സംരക്ഷിക്കാനും മുഴുവൻ കക്ഷികൾക്കുമിടയിൽ തൊഴിൽ കരാർ ബന്ധം വ്യവസ്ഥാപിതമാക്കാനും സ്‌പോൺസർഷിപ്പ് കൈമാറ്റ ചെലവുകൾ ശക്തമായി നിരീക്ഷിക്കാനും നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. റിക്രൂട്ട്‌മെന്റ് വ്യവസ്ഥകൾക്ക് അനുസൃതമായി എളുപ്പമാർന്ന ഓൺലൈൻ നടപടികളിലൂടെ നിലവിലെ തൊഴിലുടമയിൽ നിന്ന് പുതിയ തൊഴിലുടമയുടെ പേരിലേക്ക് ഗാർഹിക തൊഴിലാളിയുടെ സ്‌പോൺസർഷിപ്പ് മാറ്റാൻ പുതിയ സേവനം അവസരമൊരുക്കുന്നു. നിലവിലെ തൊഴിലുടമയും പുതിയ തൊഴിലുടമയും ഗാർഹിക തൊഴിലാളിയും സമ്മതം അറിയിക്കുന്നതോടെ സ്‌പോസർഷിപ്പ് മാറ്റ പ്രക്രിയ പൂർത്തിയാക്കും. സ്‌പോൺസർഷിപ്പ് കൈമാറ്റ നിരക്കുകൾ വിശ്വാസയോഗ്യമായ ഇ-പെയ്‌മെന്റ് ചാനലുകൾ വഴിയാണ് അടക്കേണ്ടത്.