ജിദ്ദ – സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ ഈ വർഷം ആദ്യത്തെ ആറു മാസക്കാലത്ത് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി സ്വദേശങ്ങളിലേക്ക് അയച്ചത് 6,190 കോടി റിയാൽ. കഴിഞ്ഞ വർഷം ആദ്യ പകുതിയെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പകുതിയിൽ നിയമാനുസൃത രീതിയിൽ വിദേശികൾ അയച്ച പണത്തിൽ 19.1 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം ആദ്യ പകുതിയിൽ വിദേശികൾ 7,660 കോടി റിയാൽ അയച്ചിരുന്നു.
കഴിഞ്ഞ കൊല്ലം ജൂൺ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജൂണിൽ വിദേശികളുടെ റെമിറ്റൻസ് 18 ശതമാനം തോതിൽ കുറഞ്ഞു. ജൂണിൽ 1,084 കോടി റിയാലാണ് (290 കോടി ഡോളർ) വിദേശികൾ അയച്ചത്. കഴിഞ്ഞ വർഷം ജൂണിൽ ഇത് 1,320 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജൂണിൽ വിദേശികൾ അയച്ച പണത്തിൽ 236 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി. തുടർച്ചയായി പതിനാലാം മാസമാണ് വിദേശികളുടെ റെമിറ്റൻസ് കുറയുന്നതെന്ന് സൗദി സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ വിദേശികൾ അയച്ച പണം നാലു ശതമാനം തോതിൽ കുറഞ്ഞു. മെയ് മാസത്തിൽ വിദേശികൾ 1,130 കോടി റിയാൽ അയച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് ജൂണിൽ വിദേശികൾ അയച്ച പണത്തിൽ 46 കോടി റിയാലിന്റെ കുറവുണ്ടായി.
കഴിഞ്ഞ കൊല്ലം വിദേശികൾ 14,320 കോടി റിയാലാണ് (3,820 കോടി ഡോളർ) നിയമാനുസൃത മാർഗങ്ങളിൽ സ്വദേശങ്ങളിലേക്ക് അയച്ചത്. 2021 ൽ ഇത് 15,390 കോടി റിയാൽ (4,100 കോടി ഡോളർ) ആയിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ വർഷം വിദേശികളുടെ റെമിറ്റൻസ് ഏഴു ശതമാനം തോതിൽ കുറഞ്ഞു.
സൗദി പൗരന്മാർ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ആറു മാസത്തിനിടെ വിദേശങ്ങളിലേക്ക് അയച്ച പണം 21 ശതമാനം തോതിലും കുറഞ്ഞു. ആറു മാസത്തിനിടെ 2,980 കോടി റിയാലാണ് സ്വദേശികൾ വിദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ ഇത് 3,770 കോടി റിയാലായിരുന്നു. ജൂലൈയിൽ സ്വദേശികൾ അയച്ച പണം 24 ശതമാനം തോതിൽ കുറഞ്ഞ് 520 കോടി റിയാലായി. കഴിഞ്ഞ കൊല്ലം ജൂണിൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദികൾ 675 കോടി റിയാൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി അയച്ചിരുന്നു. തുടർച്ചയായി എട്ടാം മാസമാണ് സ്വദേശികളുടെ റെമിറ്റൻസിൽ കുറവ് രേഖപ്പെടുത്തുന്നത്.
സൗദിയിൽ നിന്നും വിദേശികൾ ആറുമാസം കൊണ്ട് നാട്ടിലേക്ക് അയച്ചത് 6190 കോടി റിയാൽ
