ദോഹ:കഴിഞ്ഞ മാസം വിദേശ വ്യാപാരത്തിൽ ഖത്തർ 17.4 ബില്യൺ റിയാൽ മിച്ചം നേടി. കഴിഞ്ഞ വർഷം ജൂൺ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസത്തിൽ വാണിജ്യ മിച്ചം 42.3 ശതമാനം കുറഞ്ഞു. 12.7 ബില്യൺ റിയാലിന്റെ കുറവ്. മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ വാണിജ്യ മിച്ചം 4.4 ശതമാനവും കുറഞ്ഞു- 80 കോടി റിയാലിന്റെ കുറവ്.
ജൂണിൽ ആകെ കയറ്റുമതി 2,680 കോടി റിയാലായിരുന്നെന്ന് ആസൂത്രണ, സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി റിപ്പോർട്ട് വ്യക്തമാക്കി. 2022 ജൂണിനെ അപേക്ഷിച്ച് 32 ശതമാനവും, മെയ് മാസത്തെ അപേക്ഷിച്ച് 3.5 ശതമാനവും കഴിഞ്ഞ മാസം കയറ്റുമതി കുറഞ്ഞു. കഴിഞ്ഞ കൊല്ലം ജൂണിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസം ഇറക്കുമതി 1.1 ശതമാനം വർധിച്ചു. ജൂണിൽ 940 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ ഇറക്കുമതി 1.8 ശതമാനം തോതിൽ കുറഞ്ഞു.
ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും അനുബന്ധ ഉൽപന്നങ്ങളുടെയും കയറ്റുമതി 29.7 ശതമാനം കുറഞ്ഞ് 1,640 കോടി റിയാലും, എണ്ണ കയറ്റുമതി 26.4 ശതമാനം കുറഞ്ഞ് 480 കോടി റിയാലും, ബിറ്റുമിൻസ് ധാതുക്കളിൽ നിന്ന് ലഭിക്കുന്ന പെട്രോളിയം എണ്ണകളുടെ കയറ്റുമതി 46.9 ശതമാനം കുറഞ്ഞ് 220 കോടി റിയാലുമായി.
ജൂണിൽ ഖത്തർ ഏറ്റവുമധികം ഉൽപന്നങ്ങൾ കയറ്റി അയച്ചത് ചൈനയിലേക്കായിരുന്നു. ആകെ കയറ്റുമതിയുടെ 20.1 ശതമാനം. ചൈനയിലേക്ക് 540 കോടി റിയാലിന്റെ ഉൽപന്നങ്ങൾ കയറ്റി അയച്ചു. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയിലേക്ക് 320 കോടി റിയാലിന്റെയും (11.9 ശതമാനം) മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിലേക്ക് 320 കോടിയോളം (11.89 ശതമാനം) റിയാലിന്റെയും ഉൽപന്നങ്ങൾ കഴിഞ്ഞ മാസം കയറ്റി അയച്ചു.
കഴിഞ്ഞ മാസം ഖത്തർ ഏറ്റവുമധികം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തത് അമേരിക്കയിൽ നിന്നാണ്. 180 കോടി റിയാലിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തു. ആകെ ഇറക്കുമതിയുടെ 19.5 ശതമാനം അമേരിക്കയിൽ നിന്നായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ചൈനയിൽ നിന്ന് 130 കോടി റിയാലിന്റെയും മൂന്നാം സ്ഥാനത്തുള്ള ജർമനിയിൽ നിന്ന് 50 കോടി റായിലിന്റെയും ഉൽപന്നങ്ങൾ ജൂണിൽ ഇറക്കുമതി ചെയ്തു.