ദോഹ:2023 ലെ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ 5-ജി ഡൗൺലോഡ്, അപ് ലോഡ് വേഗതയിൽ ഖത്തർ ഒന്നാമത്. ഇന്റർനെറ്റ് അനലിറ്റിക്‌സ് കമ്പനിയായ ഓപൺ സിഗ്നൽ വെളിപ്പെടുത്തിയതാണിത്. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ജി.സി.സി മേഖലയിലെ 5ജി അനുഭവം അവലോകനം ചെയ്യുന്ന റിപ്പോർട്ടിൽ, മിക്കവാറും എല്ലാ ജി.സി.സി രാജ്യങ്ങൾക്കും ശരാശരി 200 എം.ബി.പി.എസ് ഡൗൺലോഡ് വേഗതയുണ്ടെന്ന് വെബ്‌സൈറ്റ് സൂചിപ്പിച്ചു.
എന്നാൽ 312 എം.ബി.പി.എസ് ശരാശരി ഡൗൺലോഡ് വേഗതയുള്ള ഖത്തറാണ് ഗൾഫ് രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അതുപോലെ 29.3 എം.ബി.പി.എസ് ശരാശരി 5ജി അപ് ലോഡ് വേഗതയും ഖത്തറിനുണ്ട്. ആഗോള മൊബൈൽ നെറ്റ് വർക്ക് അനുഭവം അവലോകനം ചെയ്യുന്ന ഒരു പ്രത്യേക റിപ്പോർട്ടിൽ ആഫ്രിക്കയിലെയും മിഡിൽ ഈസ്റ്റിലെയും ആപ്പ് ഉപയോക്താക്കൾ ഉരീദുവിന്റെ നെറ്റ് വർക്കിൽ അവരുടെ ഏറ്റവും വേഗതയേറിയ ഡൗൺലോഡ് വേഗത നിരീക്ഷിച്ചതായി ഓപൺ സിഗ്നൽ പ്രസ്താവിച്ചു. ആഫ്രിക്കയിലെയും മിഡിൽ ഈസ്റ്റിലെയും ഉപയോക്താക്കൾക്കായി ഉരീദു നെറ്റ് വർക്ക് 53.2 എം.ബി.പി.എസ് ഡൗൺലോഡ് വേഗത രേഖപ്പെടുത്തി.