സഊദി അറേബ്യ ഇപ്പോഴും അവസരങ്ങളുടെ ഒരു വലിയ ഭൂമിക തന്നെയാണെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിതാഖാത്ത്, ലെവി, വാറ്റ്, സൗദി വത്കരണം തുടങ്ങി എന്തെല്ലാം നൂലാമാലകൾ ഉണ്ടെങ്കിലും
ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സാംബത്തിക ശക്തിയായ സഊദി അറേബ്യയിൽ കഴിഞ്ഞ ഒരു വർഷത്തിൽ മാത്രം 4,25,000-ത്തിലധികം സ്ഥാപനങ്ങൾ തൊഴിൽ വിപണിയിൽ പ്രവേശിച്ചതായി പ്രദേശിക മാധ്യമങ്ങൾ പുറത്ത് വിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതായത് ഒരു ദിവസം ശരാശരി 1,166 സ്ഥാപനങ്ങൾ സൗദി വിപണിയിൽ പ്രവേശിക്കുന്നുണ്ടെന്നർഥം.
സജീവ സ്ഥാപനങ്ങളുടെ എണ്ണം 54.98% വർദ്ധിച്ചതായി റിപ്പോർട്ട് വെളിപ്പെടുത്തി, മുൻവർഷം 7,75,000 സജീവ സ്ഥാപനങ്ങൾ ആയിരുന്നെങ്കിൽ ഇപ്പോൾ മൊത്തം സ്ഥാപനങ്ങളുടെ എണ്ണം 12 ലക്ഷത്തിലധികം ആയി.
500ൽ അധികം ജീവനക്കാരുള്ള മെഗാ സ്ഥാപനങ്ങൾ ഈ വർഷം രണ്ടാം പാദത്തിൽ 10.82 ശതമാനം വളർച്ച നേടി 1,843 സ്ഥാപനങ്ങളിലെത്തിയിട്ടുണ്ട്. തൊഴിൽ വിപണിയിൽ പുതുതായി പ്രവേശിച്ച 180 ൽ 159 സ്ഥാപനങ്ങൾ സ്വകാര്യ മേഖലയിലും 21 എണ്ണം സർക്കാർ മേഖലയിലുമാണ്.
അതോടൊപ്പം നാലോ അതിൽ കുറവോ തൊഴിലാളികളുള്ള സൂക്ഷ്മ സംരംഭങ്ങളുടെ എണ്ണം 69.32% വർദ്ധിച്ചിട്ടുണ്ട്.ഏകദേശം 3,92,000 സ്ഥാപനങ്ങൾ വിപണിയിൽ പ്രവേശിച്ചു, അതിൽ 62 എണ്ണം സർക്കാർ സ്ഥാപനങ്ങളായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പുതിയ റിപ്പോർട്ടുകൾ സൗദിയിലെ നിക്ഷേപ അവസരങ്ങൾ വളരെ വലുതാണെന്ന് വ്യക്തമാക്കുന്നതാണ്. വൻ കിടക്കാർക്ക് മാത്രമ്മല്ല, ചെറു കിടക്കാർക്കും സൗദിയുടെ ഭൂമിക വലിയ വളക്കൂറുള്ള മണ്ണാണെന്ന് കണക്കുകൾ ബോധ്യപ്പെടുത്തുന്നു.