കുവൈത്ത് സിറ്റി:ഇറാനുമായുള്ള സമുദ്രാതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയാകുന്നത് കാത്തുനില്‍ക്കാതെ അല്‍ദുറ ഗ്യാസ് ഫീല്‍ഡില്‍ കുവൈത്ത് പര്യവേക്ഷണവും ഉല്‍പാദനവും ആരംഭിക്കുമെന്ന് കുവൈത്ത് എണ്ണ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ സഅദ് അല്‍ബറാക് പറഞ്ഞു. ഗ്യാസ് സമ്പന്നമായ അല്‍ദുറ ഫീല്‍ഡില്‍ തങ്ങള്‍ക്കും ഓഹരി വേണമെന്നാണ് ഇറാന്‍ ആവശ്യപ്പെടുന്നത്. അല്‍ദുറ ഗ്യാസ് ഫീല്‍ഡിനു ചുറ്റും പര്യവേക്ഷണ, ഉല്‍പാദന നടപടികള്‍ക്ക് തയാറെടുപ്പുകള്‍ ആരംഭിച്ചതായി ഇറാന്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ അല്‍ദുറ ഗ്യാസ് ഫീല്‍ഡുമായി ബന്ധപ്പെട്ട് ഈ മാസാദ്യം മുതല്‍ കുവൈത്ത് വാക്കുകള്‍ക്ക് മൂര്‍ച്ച കൂട്ടിയിട്ടുണ്ട്.
അല്‍ദുറ ഫീല്‍ഡിനു ചുറ്റും ഇറാന്‍ നടത്തുമെന്ന് പറയുന്ന നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ണമായും നിരാകരിക്കുന്നതായി ഈ മാസം മൂന്നിന് സഅദ് അല്‍ബറാക് പറഞ്ഞു. അല്‍ദുറയിലെ പ്രകൃതി വിഭവങ്ങള്‍ സൗദി അറേബ്യക്കും കുവൈത്തിനും മാത്രം അവകാശപ്പെട്ടതാണ്. സമുദ്രാതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയാകുന്നതു വരെ മറ്റൊരു രാജ്യത്തിനും ഇതില്‍ അവകാശമില്ല. അല്‍ദുറ ഫീല്‍ഡിനെ കുറിച്ച അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിസ്ഥാന നിയമങ്ങള്‍ക്ക് വിരുദ്ധമായ ഇറാന്‍ അവകാശവാദങ്ങളും ഉദ്ദേശ്യങ്ങളും ഞങ്ങളെ അത്ഭുതപ്പെടുത്തിയതായും സഅദ് അല്‍ബറാക് പറഞ്ഞു.