ജിദ്ദ:ഒമാനിൽ നിക്ഷേപങ്ങൾ വർധിപ്പിക്കാൻ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും ധാരണാപത്രം ഒപ്പുവെച്ചു. ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി വൈസ് പ്രസിഡന്റ് മുൽഹിം അൽജറഫും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഡെപ്യൂട്ടി ഗവർണർ യസീദ് അൽഹുമൈദുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിനും അനുബന്ധ സ്ഥാപനങ്ങൾക്കും ധാരണാപത്രം വിവിധ ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും നൽകുന്നു. ഇതിലൂടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് ഒമാനിൽ നിരവധി മികച്ച നിക്ഷേപാവസരങ്ങൾ ലഭ്യമാക്കുകയും ഒമാനിൽ ഫണ്ട് നിക്ഷേപങ്ങൾ വർധിപ്പിക്കുകയും ചെയ്യും.
ഒമാനിലെ ഏതാനും മേഖലകളിൽ 1,800 കോടി സൗദി റിയാൽ (500 കോടി ഡോളർ) നിക്ഷേപം നടത്താൻ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിൽ സൗദി, ഒമാൻ ഇൻവെസ്റ്റ്‌മെന്റ് കമ്പനി സ്ഥാപിച്ചതിന്റെ ഭാഗമായാണ് ധാരണാപത്രം ഒപ്പുവെച്ചത്. അബ്‌റാജ് എനർജി സർവീസ് കമ്പനി ഐ.പി.ഒയുടെ 20 ശതമാനത്തിൽ നിക്ഷേപം നടത്തി ഒമാനിലെ ആദ്യ നിക്ഷേപം സൗദി, ഒമാൻ ഇൻവെസ്റ്റ്‌മെന്റ് കമ്പനി അടുത്തിടെ പൂർത്തിയാക്കിയിരുന്നു. ഒമാനിൽ കൂടുതൽ നിക്ഷേപാവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഒമാൻ ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുമായും അനുബന്ധ സ്ഥാപനങ്ങളുമായും സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആശയവിനിമയങ്ങൾ നടത്തിവരികയാണ്.
ഒമാൻ സമ്പദ്‌വ്യവസ്ഥയിൽ നിക്ഷേപങ്ങളും സഹകരണങ്ങളും വിപുലമാക്കാൻ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്ന ദിശയിലെ പ്രധാന ചുവടുവെപ്പാണ് പുതിയ ധാരണാപത്രമെന്ന് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഡെപ്യൂട്ടി ഗവർണർ യസീദ് അൽഹുമൈദ് പറഞ്ഞു. സുസ്ഥിര വരുമാനം കൈവരിക്കാനും മേഖലാ സമ്പദ്‌വ്യവസ്ഥകളുടെ മൂല്യം ഉയർത്താനും മേഖലയിൽ ദീർഘകാല പങ്കാളിത്തങ്ങൾ സ്ഥാപിക്കാനുമാണ് ഫണ്ട് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.