ജിദ്ദ – ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വാഹനങ്ങളില്‍ ഇന്ധനം പാഴാക്കപ്പെടുന്നത് ഒഴിവാക്കാന്‍ കഴിയുമെന്ന് ഊര്‍ജോപയോഗ നിയന്ത്രണ ദേശീയ കാമ്പയിന്‍ വെളിപ്പെടുത്തി. എന്‍ജിന്‍ ചൂടാക്കുന്ന സമയം ഒരിക്കലും 30 സെക്കന്റില്‍ കവിയാന്‍ പാടില്ല. ഉയര്‍ന്ന കാര്യക്ഷമതയില്‍ പ്രവര്‍ത്തിക്കുന്നതിന് എന്‍ജിന്‍ തയാറാക്കാന്‍ ഈ സമയം മതിയാകും. അര മിനിറ്റില്‍ കൂടുതല്‍ സമയം എന്‍ജിന്‍ ചൂടാക്കുന്നത് ഇന്ധന പാഴാക്കപ്പെടലാണ്.
പെട്രോള്‍ ബങ്കുകളില്‍ നിന്ന് ഇന്ധനം നിറക്കുമ്പോള്‍ എന്‍ജിന്‍ പൂര്‍ണമായും ഓഫ് ചെയ്യുന്നത് ഇന്ധനം പാഴാക്കപ്പെടുന്നത് കുറക്കും. കാര്‍ നിര്‍മാണ കമ്പനി നിര്‍ദേശിക്കുന്നതു പ്രകാരം കാറില്‍ പതിവ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതും ഉയര്‍ന്ന കാര്യക്ഷമതയോടെ കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതും കുറഞ്ഞ ഇന്ധനത്തില്‍ കാറിന്റെ മികച്ച പ്രകടനം ഉറപ്പുനല്‍കും. ഓവര്‍ലോഡും അനുയോജ്യമല്ലാത്ത ടയറുകള്‍ ഉപയോഗിക്കുന്നതും ഊര്‍ജ ഉപയോഗം വര്‍ധിപ്പിക്കും. ബ്രേയ്ക്ക് പെഡലും ആക്‌സിലേറ്ററും ആവര്‍ത്തിച്ച് ചവിട്ടുന്നതും ഊക്കോടെ ചവിട്ടുന്നതും പെട്രോള്‍ പാഴാക്കപ്പെടുന്നത് വര്‍ധിപ്പിക്കും. ഊര്‍ജോപയോഗം നിയന്ത്രിക്കാന്‍ ഡ്രൈവര്‍മാര്‍ ശാന്തമായി ഡ്രൈവ് ചെയ്യല്‍ ആവശ്യമാണ്.
മാപ്പ് ആപ്പുകള്‍ ഉപയോഗിക്കാതിരിക്കുന്നതും പതിവ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ മറക്കുന്നതും വെയിലേല്‍ക്കുന്ന നിലയില്‍ കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതും ആവര്‍ത്തിച്ച് വേഗം കൂട്ടുന്നതും കുറക്കുന്നതും എയര്‍ കണ്ടീഷനര്‍ പ്രവര്‍ത്തിക്കുമ്പോള്‍ വിന്‍ഡോ ഗ്ലാസുകള്‍ തുറന്നിടുന്നതും ഇന്ധനം പാഴാക്കപ്പെടാന്‍ ഇടയാക്കുമെന്നും ഊര്‍ജോപയോഗ നിയന്ത്രണ ദേശീയ കാമ്പയിന്‍ പറഞ്ഞു.